സഞ്ജീവ് ഭട്ടിന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്‌പർശിയായ കുറിപ്പുമായി മക്കളായ ആകാശിയും ശാന്തനു ഭട്ടും


ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ മൊഴി നൽകിയ ഐപിഎസുകാരനാണ് സഞ്ജീവ് ഭട്ട്. ജയിലിൽ കഴിയുന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്‌പർശിയായ കുറിപ്പുമായി മക്കളായ ആകാശിയും ശാന്തനു ഭട്ടും. മനഃപൂർവമായ അനീതിയാണ് ഈ എട്ടുവർഷത്തെ അസാന്നിധ്യമെന്ന് മക്കൾ ഫേസ്ബുക്കിൽ കുറിച്ചു. അനീതിയെ നിശബ്‌ദമായി സഹിച്ച ഒരാളായിട്ടല്ല, മറിച്ച് അതിനെ നേരിട്ട, തുറന്നുകാട്ടിയ, തോൽവിയറിയാതെ  ഉയർന്നുവന്ന ഒരാളായിട്ടായിരിക്കും നിങ്ങൾ വീട്ടിലേക്ക് മടങ്ങുകയെന്നും അവർ കൂട്ടിച്ചേർത്തു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ മൊഴി നൽകിയ ഐപിഎസുകാരനാണ് സഞ്ജീവ് ഭട്ട്. 1996-ൽ സഞ്ജീവ് ഭട്ട് ബസ്ക്കന്ധ എസ്‌പി ആയിരിക്കുമ്പോൾ നടന്ന സംഭവത്തിലാണ് അദ്ദേഹത്തെ ശിക്ഷിച്ചത്.

കുറിപ്പ് ഇങ്ങിനെ:
ഇത് ആകാശിയും ശാന്തനു ഭട്ടും, പ്രിയപ്പെട്ട അച്ഛാ, ഇന്ന് നിങ്ങൾക്ക് 62 വയസ്സ് തികയുന്നു. ഞങ്ങളിൽ നിന്ന് അകന്നുള്ള നിങ്ങളുടെ എട്ടാം ജന്മദിനം. വിധിയല്ല, മനഃപൂർവമായ അനീതിയാണ് 8 വർഷത്തെ അസാന്നിധ്യം. എട്ട് വർഷമായി ഞങ്ങൾ ഒരു കുടുംബമെന്ന നിലയിൽ സമാന്തര ജീവിതം നയിക്കുന്നു, നിങ്ങളോടൊപ്പം ജയിൽ മതിലുകൾക്കുള്ളിൽ, നിങ്ങൾ ഞങ്ങളിലൂടെയും. ശാരീരികമായി വേർപിരിഞ്ഞെങ്കിലും എല്ലായ്പ്പോഴും ഹൃദയത്തിലും ആത്മാവിലും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സന്തോഷത്തിനായി പോരാടുന്നു. പരസ്പ‌രം ശക്തിയും കവചവും ഒരിക്കലും അവസാനിക്കാത്ത പ്രതിരോധശേഷിയും ഉള്ളവരായി തുടരുന്നു. അപൂർണമായ പല ദിവസങ്ങളുമുണ്ട്. ഇന്ന് അത്തരത്തിലൊരു ദിവസമാണ്. പറയാൻ വാക്കുകളില്ലാത്തത് കൊണ്ടല്ല, പകരം ഒരുപാടുള്ളത് കൊണ്ടാണ്. നിശബ്ദതയിൽ പോലും ഒരുപാട് നഷ്ടം ഉൾക്കൊള്ളുന്നുണ്ട്. കാത്തിരിപ്പ് അനീതിയിലേക്ക് വഴിമാറി. ഒരുപാട് വേദനകളുണ്ടായി.

അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും ഇരകളുടെ നീതിക്ക് വേണ്ടി ജീവിതം മുഴുവൻ ത്യജിച്ച ഒരു സത്യസന്ധനായ ഉദ്യോഗസ്ഥന് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണിത്', കുറിപ്പിൽ പറയുന്നു. 'ഇതൊക്കെയാണെങ്കിലും, അച്ഛാ, ഒരു വിധിക്കും തടയാനാകാത്ത ശക്തിയോടെ നിങ്ങൾ ഈ വർഷങ്ങളിലൂടെ കടന്നുപോയി. അനീതി നിങ്ങളെ കണക്കുകളിലൂടെയും ഫയലുകളിലൂടെയും വ്യാജ ആരോപണങ്ങളിലൂടെയും നിർവചിക്കാൻ ശ്രമിച്ചപ്പോൾ, നിങ്ങൾ എല്ലായ്പ്‌പോഴും ആരായിരുന്നോ, തത്വാധിഷ്‌ഠിതനും ധീരനും അചഞ്ചലനുമായി തന്നെ തുടർന്നു. നിങ്ങളെ ബന്ധിക്കാൻ ഉദ്ദേശിച്ച മതിലുകൾക്കു പിന്നിൽ പോലും, നിങ്ങളുടെ ധാർമ്മിക അധികാരവും ധൈര്യവും കോടതിമുറികൾക്കും ജയിലുകൾക്കും അപ്പുറത്തേക്ക് സ്വതന്ത്രമായി സഞ്ചരിച്ചു, ഇവ കുഴിച്ചുമൂടാൻ ശ്രമിച്ചവർക്ക് അത് അപ്രാപ്യമായി. നിങ്ങളുടെ മക്കളായ ഞങ്ങൾ ബലഹീനത കൊണ്ടല്ല രൂപപ്പെട്ടത്. നിങ്ങളുടെ മാതൃകയാണ് ഞങ്ങളെ രൂപപ്പെടുത്തിയത്.