സ്‌മാർട്ട് ആപ്പിന്റെയും വെബ്സൈറ്റിന്റെയും നവീകരിച്ച പതിപ്പിറക്കി ദുബൈ പൊലീസ്


ദുബൈയിലെ യാത്രാ വിലക്കുകളുടെ അറിയിപ്പുകൾ ഇനി വേഗത്തിലറിയാം. ദുബൈ പൊലീസിന്റെ സർക്കുലറുകൾ ലഭ്യമായിരുന്ന സ്‌മാർട്ട് ആപ്പിന്റെയും വെബ്സൈറ്റിന്റെയും നവീകരിച്ച പതിപ്പ് ഇറക്കിയതായി അധികൃതർ അറിയിച്ചു. ഉദ്യോഗസ്ഥരെ നേരിട്ട് ബന്ധപ്പെടാതെ സേവനങ്ങൾ ലഭ്യമാകുന്ന സീറോ ബ്യൂറോക്രസി പദ്ധതിയുടെ ഭാഗമാണിത്.

നവീകരിച്ച പതിപ്പിലൂടെ വാടക തർക്കങ്ങളിലും മറ്റും പൊലീസ് സ്റ്റേഷനുകളിലോ നീതിന്യായ സ്ഥാപനങ്ങളിലോ ഉത്തരവാദിത്തപ്പെട്ട അധികാരികളിലോ നേരിട്ട് പോകാതെ തന്നെ ഉപഭോക്താക്കൾക്ക് മിക്ക റിപ്പോർട്ടുകളിലും തങ്ങളുടെ ക്രിമിനൽ, ഫിനാൻഷ്യൽ സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്. തങ്ങളുടെ പേരിൽ ഏതെങ്കിലും റിപ്പോർട്ടുകളോ ഫിനാൻഷ്യൽ, ക്രിമിനൽ നടപടികളോ ഉണ്ടെങ്കിൽ ഏത് സ്ഥാപനത്തെ സമീപിക്കണമെന്ന് മനസ്സിലാക്കാനും കഴിയും.

ഇതോടെ യാത്ര പ്ലാൻ ചെയ്യുമ്പോഴോ ഔദ്യോഗിക ഇടപാടുകൾ പൂർത്തിയാക്കുമ്പോഴോ അപ്രതീക്ഷിത പ്രശ്‌നങ്ങൾ ഒഴിവാക്കാം.
ദുബൈ പൊലീസ് സ്‌മാർട്ട് ആപ്പിലോ,
www.dubaipolice.gov.ae എന്ന വെബ്സൈറ്റിലോ "Inquiry about Circulars and Travel Bans" എന്ന സേവനം തിരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ നൽകിയാൽ നിമിഷങ്ങൾക്കകം ഫയൽ സ്റ്റാറ്റസ് ലഭ്യമാകും.