പൊടിക്കാറ്റ്: ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍
യുഎഇയില്‍ അരക്ഷിത കാലാവസ്ഥ തുടരുന്നു. വിവിധ എമിറേറ്റുകളില്‍ വിത്യസ്ഥ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. പൊതുവെ എല്ലാ ഭാഗത്തും മൂടി കെട്ടിയ അന്തരീക്ഷം. ചില സ്ഥലങ്ങളില്‍ പകല്‍ ചൂട് കയറി. റാസല്‍ ഖൈമ, ഷാർജ മുവൈലിയ ദുബൈ ഭാഗങ്ങളില്‍ ചെറിയ അളവില്‍ അല്പ നേരം മഴ പെയ്തു.
യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.
ചില തീരദേശവും വടക്കുകിഴക്കൻ പ്രദേശങ്ങളിലും നേരിയ മഴ സാധ്യതയും പറഞ്ഞിരുന്നു. തെക്കുപടിഞ്ഞാറ് മുതൽ വടക്കുപടിഞ്ഞാറ് വരെ ദിശകളിൽ പകല്‍ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശി.
അതേസമയം, പൊടിക്കാറ്റ് അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ പൊതുജനങ്ങളും പ്രത്യേകിച്ച് വാഹനമോടിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇത്തരം സമയങ്ങളിൽ ഡ്രൈവർമാർ വേഗത കുറച്ച് യാത്ര ചെയ്യണമെന്നും റോഡ് സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കുന്നതും സുരക്ഷക്ക് അനിവാര്യമാണെന്ന് അധികൃതർ അറിയിച്ചു.
