ഷാർജ ഇവന്റ്സ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം
ഷാർജ ഇവന്റ്സ് ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പ് ഇന്ന്, ഞായറാഴ്ച ഷാർജയിലെ അൽ മജാസ് ആംഫി തിയേറ്ററിൽ ആരംഭിക്കും, ഡിസംബർ 24ന് സമാപനം. അൽ മജാസിലെ ജല പരപ്പില്‍ സ്ഥിതി ചെയ്യുന്ന അല്‍ മജാസ് ആംഫി തിയേറ്ററിലാണ് ഫെസ്‌റ്റിവൽ അരങ്ങേറുക.
ഷാർജ എമിറേറ്റിന്റെ സാംസ്കാരിക പ്രാധാന്യം പ്രതിഫലിപ്പിക്കുന്ന സംവേദനാത്മകവും കുടുംബ സൗഹൃദപരവുമായ അന്തരീക്ഷത്തിൽ വിനോദം, കല, സർഗ്ഗാത്മക പ്രവർത്തനങ്ങൾ എന്നിവയുടെ വൈവിധ്യമാർന്ന പരിപാടികളാണ് ഫെസ്റ്റിവലിൽ അവതരിപ്പിക്കുന്നത്. തത്സമയ കലാ പ്രകടനങ്ങൾ, സംവേദനാത്മക പ്രവർത്തനങ്ങൾ, മത്സരങ്ങളും സമ്മാനങ്ങളും, കുട്ടികൾക്കും കുടുംബങ്ങൾക്കുമായി സമർപ്പിച്ചിരിക്കുന്ന സ്ഥലങ്ങൾ എന്നിവയുൾപ്പെടെ സമ്പന്നമായ ഒരു അനുഭവം ഫെസ്റ്റ് പ്രദാനം ചെയ്യുന്നു. വൈകുന്നേരം 4:00 മുതൽ രാത്രി 11:00 വരെ സന്ദർശകർക്കായി തുറന്നിരിക്കും.
കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള പൊതു അനുഭവമായിട്ടാണ് ഫെസ്റ്റ് രൂപകൽപന ചെയ്തിരിക്കുന്നത്. വിവിധ ആകർഷക കേന്ദ്രങ്ങളെ ഒരിടത്ത് കൊണ്ടു വരുന്നതിലൂടെ ഷാർജയുടെ പൈതൃകവും ഭൂപ്രകൃതിയും അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ, ക്രിയാത്മക ശിൽപശാലകൾ, വിനോദ നിമിഷങ്ങൾ എന്നിവയിൽ പങ്കെടുക്കാൻ സന്ദർശകർക്ക് അവസരം ലഭിക്കും.
മലീഹ നാഷനൽ പാർക്ക്, അൽ നൂർ ഐലൻഡ്, അൽ മൊൻതസ പാർക്ക്കൾ, അൽ ഹീറ ബീച്ച്, ഖോർഫക്കാൻ ബീച്ച് എന്നിവിടങ്ങളിൽ നിന്നുള്ള അനുഭവങ്ങളാണ് ഇവിടെ പവലിയനിൽ ഒരുക്കുന്നത്. ഷാർജയുടെ ഭൂമിശാസ്ത്രപരവും പുരാവസ്‌തുപരവുമായ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന സംവേദനാത്മക പ്രദർശനങ്ങൾ മലീഹ പാർക്കിൽ ഉണ്ടാകും. കുട്ടികൾക്ക് പ്രദേശത്തെ പാറകളും ഫോസിലുകളും കാണാനും ത്രിമാന ആർട്ടിഫാക്റ്റ് മോഡലുകളുമായി ഇടപെഴകാനും സാധിക്കും.
പ്രകൃതിയുമായി ബന്ധിപ്പിച്ചുള്ള കലാപരമായ ശിൽപശാലകളാണ്
അൽ നൂർ ഐലൻഡിൽ ഒരുക്കുന്നത്. ചെടികളെക്കുറിച്ചുള്ള പഠനവും ചിത്രരചനയും സംയോജിപ്പിച്ച 'ആർട്ട് ഇൻ നേച്ചർ'സെഷനുകളും ചിത്രശലഭങ്ങളുടെ ചിറകുകൾ ഉപയോഗിച്ചുള്ള കൊളാഷ് വർക്ക്ഷോപ്പും ഇതിൽ ഉൾപ്പെടുന്നു. കുട്ടികളെ ആകർഷിക്കുന്നതും ഊർജ്ജസ്വലവുമായ കളികളാണ് അൽ മൊൻതസ പാർക്ക് പ്രത്യേകത
അൽ ഹീറ, ഖോർഫക്കാൻ ബീച്ചുകൾ, തിരമാലകളും മത്സ്യരൂപങ്ങളും മലനിരകളും ഉൾപ്പെടെ ഷാർജയുടെ പ്രകൃതിയെ അടിസ്ഥാനമാക്കി കളിമൺ രൂപങ്ങൾ ഉണ്ടാക്കാനുള്ള ക്രിയാത്മക പ്രവർത്തനങ്ങളിൽ ഇവിടെ പങ്കെടുക്കാം. കുടുംബ സൗഹൃദ അന്തരീക്ഷം ഉറപ്പാക്കാൻ അൽ ബരീദ് കഫേയും പ്രവർത്തിക്കും. പഠനം, സർഗ്ഗാത്മകത, കുടുംബപരമായ ഒത്തുചേരൽ എന്നിവക്ക് പ്രചോദനമാകുന്ന ഈ പവലിയൻ സന്ദർശകർക്കായി അൽ മജാസ് ആംഫി തിയേറ്ററിൽ ഒരുങ്ങിയിട്ടുണ്ട്.
