പ്രതിപക്ഷ നേതാവുമായി വിദേശ പ്രതിനിധികൾക്ക് കൂടിക്കാഴ്‌ച നടത്താൻ ബിജെപി സർക്കാർ അനുവദിക്കില്ല; രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കുന്ന വിദേശ രാഷ്ട്ര പ്രതിനിധികളെ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്‌ച നടത്താൻ കേന്ദ്രസർക്കാർ അനുവദിക്കുന്നില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. മുമ്പ് നിലനിന്നിരുന്ന ജനാധിപത്യപരമായ കീഴ് വഴക്കങ്ങളെ നരേന്ദ്ര മോദി സർക്കാർ അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ത്യയിലേക്ക് വരുന്ന വിദേശ നയതന്ത്രജ്ഞരും പ്രതിനിധികളും പ്രതിപക്ഷ നേതാവിനെ കാണുക എന്നത് കാലങ്ങളായുള്ള ഒരു കീഴ്‌വഴക്കം ആയിരുന്നു. വാജ്പേയി സർക്കാരിന്റെയും മൻമോഹൻ സിംഗ് സർക്കാരിന്റെയും കാലഘട്ടത്തിൽ ഈ നടപടിക്രമം കൃത്യമായി പാലിക്കപ്പെട്ടിരുന്നു. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ അത് നടക്കുന്നില്ല.'-രാഹുൽ ഗാന്ധി പറഞ്ഞു
വിദേശ സന്ദർശനവേളയിൽ പല പ്രതിനിധികളും ഇക്കാര്യം തന്നോട് നേരിട്ട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. 'പ്രതിപക്ഷ നേതാവിനെ കാണരുത് എന്ന് സർക്കാർ ഞങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്' എന്ന് അവർ തന്നോട് പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.
