നിയമസഭാ തെരെഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് കെ മുരളീധരൻ

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വൻ വിജയം സംസ്ഥാന സർക്കാറിനെതിരെയുള്ള വിധിയെഴുത്താണെന്നും, വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്നും കെപിസിസി മുൻ പ്രസിഡൻ്റ് കെ മുരളീധരൻ പറഞ്ഞു.  ഇൻകാസ് ഷാർജ കമ്മിറ്റി ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച 'ജയ്ഹിന്ദ്' രണ്ടാം പതിപ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഎം വ്യാപകമായി ബിജെപിക്ക് വോട്ട് മറിച്ചത് കാരണമാണ് ബിജെപിക്ക് കോർപ്പറേഷൻ ഭരണം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ഇൻകാസ് ഷാർജ പ്രസിഡൻ്റ് കെഎം അബ്ദുൽ മനാഫ് അദ്ധ്യക്ഷത വഹിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ മുഖ്യാതിഥിയായിരുന്നു. മുൻ എംഎൽഎ ടിവി ചന്ദ്രമോഹൻ, ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡൻ്റ് നിസാർ തളങ്കര, ഇൻകാസ് യുഎഇ പ്രസിഡൻ്റ് സുനിൽ അസീസ്, റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് എസ്എ സലീം, അഡ്വ. വൈഎ റഹീം,
കെ ബാലകൃഷ്ണൻ, വി നാരായണൻ നായർ, രഞ്ജൻ ജേക്കബ്, എവി മധു എന്നിവർ സംസാരിച്ചു. ഇൻകാസ് ഷാർജ ജന. സെക്രട്ടറി പി ഷാജിലാൽ സ്വാഗതവും, ട്രഷറർ റോയി മാത്യു നന്ദിയും പറഞ്ഞു.

ഇന്ത്യൻ സ്വാതന്ത്ര സമരത്തെ ആസ്പദമാക്കി വിനോദ് പട്ടുവം സംവിധാനം നിർവ്വഹിച്ച 'കാലം സാക്ഷി' ദൃശ്യാവിഷ്ക്കാരം അരങ്ങേറി.തുടർന്ന് വിവിധ കലാപരിപാടികളും ചലച്ചിത്ര പിന്നണി ഗായകൻ സച്ചിൻ വാര്യർ നയിച്ച ഗാനമേളയും അരങ്ങേറി.