'പോറ്റിയേ കേറ്റിയേ..' വിവാദം കോടതിയിലേക്ക്


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ പിടിച്ചു കുലുക്കിയ 'പോറ്റിയേ കേറ്റിയേ..' പാരഡിപ്പാട്ടിന്റെ അണിയറ ശിൽപ്പികൾക്കെതിരെ കേസെടുത്ത് പൊലീസ്. പാട്ടിനെതിരെ തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല നൽകിയ പരാതിയിൽ മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തിയാണ് സൈബർ പൊലീസ് കേസെടുത്തത്.

ഗാനരചയിതാവ് ജിപി  കുഞ്ഞബ്ദുല്ല, ഗായകൻ ഡാനിഷ് മലപ്പുറം, ഗാനം ചിത്രീകരിച്ച സിഎംഎസ് മീഡിയ, നിർമാതാവ് സുബൈർ പന്തല്ലൂർ എന്നിങ്ങനെ നാലുപേരെ പ്രതിചേർത്താണ് ബുധനാഴ്‌ച രാത്രി തിരുവനന്തപുരം സൈബർ സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പ്രസാദിന്റെ പരാതിയിൽ ഗാനരചയിതാവിന്റെ പേര് കുഞ്ഞുപിള്ള എന്ന് രേഖപ്പെടുത്തിയതിനാൽ എഫ്ഐ ആറിലും അതുതന്നെയാണ് ചേർത്തത്.

അതേസമയം, 'നൂറ് വര്‍ഷ പാരമ്പര്യമുള്ള പാര്‍ട്ടി രണ്ട് വരി പാട്ടിനെ ഭയപ്പെടുകയാണോ..' എന്ന ചോദ്യമാണ് ഗാനരചയിതാവ് ജിപി കുഞ്ഞബ്ദുല്ല ഉയർത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷമാണ് ഒരുകൂട്ടർ തന്റെ പാട്ടിനെതിരെ രംഗത്തുവന്നതെന്നും രണ്ടു മാസം മുമ്പ് തന്നെ എഴുതിയ പാട്ടാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

അയ്യപ്പന്മാരുടെ ദുഃഖമാണ് പാട്ടിൽ ആവിഷ്കരിച്ചിട്ടുള്ളതെന്നും കുഞ്ഞബ്‌ദുല്ല 'ഡിജിറ്റല്‍ വിഷനോട്' പറഞ്ഞു. ആശാ വർക്കർമാരുടെ പ്രശ്‌നങ്ങളും ടിപി ചന്ദ്രശേഖരനെ കൊന്നതും ഷാഫി പറമ്പിലിനെ അടിച്ചതുമെല്ലാം പാട്ടിൽ പറഞ്ഞിട്ടുണ്ടെന്നും നാട്ടിലെ ആനുകാലിക പ്രശ്‌നങ്ങൾ പാട്ടാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ പാട്ടിന്റെ ട്യൂണിൽ നിരവധി പാട്ടുകൾ താൻ കേട്ടിട്ടുണ്ടെന്നും കുഞ്ഞബ്ദുല്ല പറഞ്ഞു. യുഡിഎഫുകാരേക്കാൾ ഈ പാട്ട് ഉപയോഗിച്ചത് ബിജെപിക്കാരാണെന്നും അയ്യപ്പനെ മോശമാക്കുന്നതാണെങ്കിൽ അവരത് ഉപയോഗിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍ പരാതിക്കാരൻ സംഘടനയിലില്ലെന്ന് തിരുവാഭരണപാത സംരക്ഷണ സമിതി ചെയർമാൻ പ്രതികരിച്ചു.
'പ്രധാനമായും ശബരിമല കൊള്ളയാണ് പുറത്ത് കൊണ്ട് വരേണ്ടത്'- ചെയർമാൻ പറഞ്ഞു.
തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല എന്ന പേരിലാണ് പാരഡിക്കെതിരെ കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നൽകിയത്.