പുതിയ വര്‍ഷം പുതിയ പ്രായ പരിധി: യുഎഇ യില്‍ KG1, ഗ്രേഡ്1 പ്രവേശന പ്രായ പരിധി മാറ്റി

യുഎഇയിലെ സ്‌കൂൾ പ്രവേശനത്തിനുള്ള പ്രായപരിധിയിൽ നിർണ്ണായക മാറ്റം  വരുത്തി. എജ്യുക്കേഷൻ, ഹ്യൂമൻ ഡെവലപ്മെന്റ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്മെൻ്റ് കൗൺസിൽ ആണ് ഇത് സംബന്ധിച്ച പുതിയ ഉത്തരവ് പുറത്തിറക്കിയത്. 2026-2027 അധ്യയന വർഷം മുതലാണ് ഈ പരിഷ്‌കാരം പ്രാബല്യത്തിൽ വരിക. പുതിയ പ്രവേശന വർഷത്തിൽ സ്‌കൂൾ പ്രവേശനത്തിന് പ്രായപരിധി ഡിസംബർ 31 ആയി നിശ്ചയിച്ചു. ഇത് വരെ ഓഗസ്റ്റ് 31 ആയിരുന്നു പ്രായ പരിധി. ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബർ മാസങ്ങളിൽ ആരംഭിക്കുന്ന എല്ലാ സ്‌കൂളുകൾക്കും കിൻഡർഗാർട്ടനുകൾക്കും ഇത് ബാധകമാണ്. ഏപ്രിലിൽ ആരംഭിക്കുന്ന സ്‌കൂളുകൾക്ക് മാർച്ച് 31 എന്ന പഴയ മാനദണ്ഡം തുടരും.

നിലവിലെ വിദ്യാർത്ഥികളെ ഇത് ബാധിക്കില്ല. പുതിയ പ്രവേശനങ്ങൾക്കാണ് നിയമം ബാധകമാകുക. പ്രാരംഭവിദ്യാഭ്യാസത്തിൽ സമാന അവസരം ഉറപ്പാക്കുകയാണ് ലക്ഷ്യം.