യുപി സംഭലിൽ പള്ളിയും മദ്രസയും പൊളിച്ചു നീക്കി; 552 ചതുരശ്ര മീറ്റർ ഭൂമിയിൽ നിർമിച്ചിരുന്ന പള്ളിയാണ് തകർത്തത്
ഉത്തർപ്രദേശിൽ മസ്‌ജിദുകൾക്കും മദ്രസകൾക്കും നേരെ വീണ്ടും ബുൾഡോസർ രാജ്. സംഭലിലെ ദീപാ സാരായ് മേഖലയിലെ രണ്ട് ഗ്രാമങ്ങളിലെ പള്ളിയും മദ്രസയുമാണ് അധികൃതർ തകർത്തത്. റാവ ബുസുർഗ് ഗ്രാമത്തിലെ പള്ളിയും ഹാജിപൂർ ഗ്രാമത്തിലെ മദ്രസയുമാണ് അധികൃതർ ഞായറാഴ്ച ബുൾഡോസറുമായെത്തി പൊളിച്ചുനീക്കിയത്. ജില്ലാ ഭരണകൂട- പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പൊളിച്ചുനീക്കൽ. അനധികൃത കൈയേറ്റവും വൈദ്യുതി മോഷണവും ആരോപിച്ചാണ് നടപടി.
റാവ ബുസുർഗയിൽ 552 ചതുരശ്ര മീറ്റർ ഭൂമിയിൽ നിർമിച്ചിരുന്ന പള്ളിയാണ് തകർത്തത്. 2025 ഒക്ടോബർ രണ്ടിന് പള്ളിയുടെ ഒരു ഭാഗം ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയിരുന്നു. രണ്ടാം ഘട്ട പൊളിക്കൽ നടപടിയാണ് ഞായറാഴ്ചയുണ്ടായത്. പള്ളി സ്വയം പൊളിച്ചില്ലെങ്കിൽ ഭരണകൂടം നടപടിയിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി അധികൃതർ പറഞ്ഞു.
ഹാജിപൂരിൽ ഗ്രാമപഞ്ചായത്തിന്റെ ഏകദേശം 2.5 ബിഗ ഭൂമി കൈയേറിയിട്ടുണ്ടെന്നും ഏകദേശം 4,000 ചതുരശ്ര മീറ്റർ മദ്രസയ്ക്കും വാണിജ്യ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നുണ്ടെന്നുമാണ് ഉദ്യോഗസ്ഥരുടെ ആരോപണം. അനധികൃത ഘടന നീക്കം ചെയ്യാൻ നിർദേശം നൽകിയിരുന്നതായും അത് പാലിക്കാത്തതിനാലാണ് പൊളിച്ചുനീക്കൽ നടപടിയിലേക്ക് കടന്നതെന്നുമാണ് അധികൃതരുടെ ഭാഷ്യം.
അസ്മോലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള റായാ ഗ്രാമത്തിലെ ഒരു പള്ളിയും കഴിഞ്ഞ ഒക്ടോബറിൽ സംഭൽ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കുശിനഗർ ജില്ലയിലെ ഹത്ത മേഖലയിലെ മദനി മസ്ജിദിന്റെ ഭാഗവും അധികൃതർ തകർത്തിരുന്നു. സർക്കാർ ഭൂമി കൈയേറി
നിർമിച്ചെന്നാരോപിച്ചായിരുന്നു ഈ നടപടിയും.
