വിമാനത്തിൽ അതിവേഗ ഇന്റർനെറ്റുമായി ഖത്തർ എയർവേസ്
വീഡിയോകോള്‍ ചെയ്യാം
വിമാനത്തിൽ അതിവേഗ ഇന്റർനെറ്റുമായി ഖത്തർ എയർവേസ്
അതിവേഗ സഞ്ചാരമാണ്
ആകാശ യാത്ര. അതിവേഗ യാത്രയില്‍ അതിവേഗ ഇന്റർനെറ്റ് വിപ്ലവത്തിന് തുടക്കമിടുകയാണ് ഖത്തർ എയർവേയ്സ്. ആദ്യ സ്റ്റാർലിങ്ക് വൈഫൈ സജ്ജീകരിച്ച ബോയിംഗ് 787-8 വിമാനം ഖത്തർ എയർവേയ്‌സ് പുറത്തിറക്കി. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർലിങ്ക് സജ്ജീകൃത വൈഡ്ബോഡി വിമാന ശേഖരമുള്ള എയർലൈൻ എന്ന പദവി ഖത്തർ എയർവേയ്‌സ് സ്വന്തമാക്കി.
റെക്കോർഡ് വേഗത്തിൽ നവീകരണം, എട്ടു മാസത്തിനുള്ളിൽ എയർബസ് A350 വിമാനങ്ങളിൽ മുഴുവൻ സ്റ്റാർലിങ്ക് ഇൻസ്റ്റലേഷൻ പൂർത്തിയാക്കി ഖത്തർ എയർവേയ്സ് ചരിത്രം കുറിച്ചു. നിലവിൽ മൂന്ന് ഡ്രീംലൈനറുകൾ ഉൾപ്പെടെ 120ഓളം വിമാനങ്ങളിൽ ഈ സേവനം ലഭ്യമാണ്. വരും മാസങ്ങളിൽ കൂടുതൽ ബോയിംഗ് 787 വിമാനങ്ങളിലേക്ക് ഈ അതിവേഗ കണക്റ്റിവിറ്റി വ്യാപിപ്പിക്കാനാണ് എയർലൈനിൻ്റെ തീരുമാനം. 2024 ഒക്ടോബറിൽ സേവനം ആരംഭിച്ചത് മുതൽ ഇതുവരെ 11 ദശലക്ഷത്തിലധികം യാത്രക്കാര്‍ വിമാനത്തിനുള്ളിലെ സൗജന്യ വൈഫൈ സേവനം പ്രയോജനപ്പെടുത്തി.
യാത്രക്കാർക്ക് സെക്കൻഡിൽ 500 എംബിപിഎസ് (500Mbps) വരെ വേഗതയിലുള്ള ഇന്റർനെറ്റാണ് വിമാനത്തിൽ ലഭിക്കുക. ഇതിലൂടെ തടസ്സമില്ലാത്ത സ്ട്രീമിംഗ്, വീഡിയോ കോളുകൾ, ഗെയിമിംഗ് എന്നിവ സാധ്യമാകും. അമേരിക്ക, ഓസ്ട്രേലിയ, ഏഷ്യ, യൂറോപ്പ് തുടങ്ങിയ പ്രധാന റൂട്ടുകളിലെല്ലാം ഇപ്പോൾ ഈ സേവനം ലഭ്യമാണ്. ഒൻപത് തവണ ലോകത്തിലെ മികച്ച എയർലൈനുള്ള ട്രാക്‌സ് അവാർഡ് നേടിയ ഖത്തർ എയർവേയ്‌സ്, സാങ്കേതിക മികവിലും തങ്ങൾ ബഹുദൂരം മുന്നിലാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.
