എകെഎം അഷ്റഫ് നാളെ മുതൽ അനിശ്ചിതകാല നിരാഹാരത്തിലേക്ക്

കുമ്പള ടോൾ പ്ലാസ സമരം ശക്തമാക്കുന്നു; എംഎൽഎ എകെഎം അഷറഫ് അനിശ്ചിതകാല നിരാഹാരത്തിലേക്ക്

കുമ്പള ആരിക്കാടി ടോൾ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കി മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷറഫ്. ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകുമെന്നും, വിഷയത്തിൽ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കുമെന്നും എംഎൽഎ വ്യക്തമാക്കി. 
ജനങ്ങളെ വലയ്ക്കുന്ന ടോൾ പിരിവിനെതിരെ ശക്തമായ ജനവികാരം ഉയർത്തിക്കാട്ടാനാണ് തീരുമാനം -  എ.കെ.എം അഷറഫ് വ്യക്തമാക്കി.

ചട്ടങ്ങളും ഹൈകോടതിയുടെ പരിഗണനയിലുള്ള ഹർജിയും അവഗണിച്ച് കുമ്പള ആരിക്കാടി ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിക്കാനുള്ള നീക്കം ഇന്ന് രാവിലെ വൻ സംഘർഷത്തിൽ കലാശിച്ചിരിന്നു. 
നിയമവിരുദ്ധമായ ടോൾ പിരിവ് തടയാനെത്തിയ എകെഎം അഷറഫ്, ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ, നാട്ടുകാർ എന്നിവരെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കുക യായിരുന്നു.

അതിനിടെ, രാവിലെ കുമ്പള  ടോൾപ്ലാസ ഉപരോധിച്ച എകെഎം അഷറഫ് എംഎൽഎ ഉൾപ്പെടെ 110 പേർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. എംഎൽഎയെ കൂടാതെ അഷറഫ് കര്‍ള, അസീസ് കളതൂര്‍, എ മുഹമ്മദ് ഹസ്സൻ, വിപി അബ്‌ദുൾ ഖാദർ, സിദ്ദീഖ് ദാന്ത ഗോളി, സർഫറാസ്, ഗോൾഡൻ അബ്ദു‌ൾ റഹ്മാൻ, സഖിയാർ, സവാദ് അംഗടി മുഖർ, മറ്റ് കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെയുമാണ് കേസ്. ടോൾപ്ലാസപിരിവിനെതിരെ ഇന്ന് രാവിലെ സമരം നടത്തിയ എം എൽ എ ഉൾപെടെ ഉള്ളവരെ പൊലീസ് തടഞ്ഞിരുന്നു. സമരക്കാർ റോഡിൽ കുത്തിയിരിക്കുകയും സംഘഷം ഉടലെടുക്കുകയും ചെയ്‌തു.