മമത ബാനർജി തെരുവിൽ: ഈഡിയും മതയും നേര്‍ക്കുനേര്‍

തൃണമൂൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ഉപദേശകരായ ഐ-പാക്കിന്റെ ഓഫീസുകളിൽ ഇഡി നടത്തിയ റെയ്‌ഡിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തെരുവിൽ. ഇ.ഡിയെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കൊൽക്കത്തയെ ഇളക്കിമറിച്ച കൂറ്റൻ പ്രകടനമാണ് ഇന്നു വൈകീട്ട് നടന്നത്. ജാദവ്പൂർ 8ബി ബസ് സ്റ്റാൻഡിൽ നിന്ന് ഹസ്ര ക്രോസിങ്ങിലേക്ക് മമത നയിച്ച അഞ്ച് കിലോമീറ്റർ നീണ്ട റാലിയിൽ ആയിരക്കണക്കിന് പാർട്ടി പ്രവർത്തകർ അണിനിരന്നു.

രാഷ്ട്രീയ നേതാക്കൾക്ക് പുറമെ ബംഗാളി സിനിമാ ലോകത്തെ പ്രമുഖരും റാലിയിൽ പങ്കെടുത്തു. ജൂൺ മാലിയ, സായോനി ഘോഷ്, രാജ് ചക്രവർത്തി, രചന ബാനർജി, കാഞ്ചൻ മല്ലിക്, സയന്തിക തുടങ്ങിയ താരങ്ങളും മമതയ്ക്കൊപ്പം അണിനിരന്നത് പ്രതിഷേധത്തിന് ആവേശം പകർന്നു. മരുമകനും തൃണമൂൽ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയും റാലിയിൽ സജീവ സാന്നിധ്യമായിരുന്നു.

ഇന്നലെ, പശ്ചിമ ബംഗാൾ രാഷ്ട്രീയത്തെ പിടിച്ചുലച്ച അതീവ നാടകീയമായ സംഭവവികാസങ്ങൾക്ക് കൊൽക്കത്ത സാക്ഷ്യം വഹിച്ചു. തൃണമൂൽ കോൺഗ്രസിന്റെ രാഷ്ട്രീയ ഉപദേശകരായ ഐ-പാക് മേധാവി പ്രതീകിൻ്റെ സാൾട്ട് ലേക്കിലെ വസതിയിലും ഓഫീസിലും എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തുന്നതിനിടെ, മുഖ്യമന്ത്രി മമത ബാനർജി നേരിട്ടെത്തി തടസ്സവാദമുന്നയിച്ചത്  സംഘർഷാവസ്ഥ സൃഷ്ടിച്ചു.

ഇഡി ഉദ്യോഗസ്ഥർ അനധികൃതമായി തൃണമൂൽ കോൺഗ്രസിൻ്റെ പാർട്ടി രേഖകൾ പിടിച്ചെടുക്കുകയാണെന്ന് ആരോപിച്ച മമത, റെയ്‌ഡ് നടക്കുന്ന സ്ഥലത്തേക്ക് കടന്നുകയറുകയും രേഖകൾ ഉദ്യോഗസ്ഥരിൽ നിന്ന് ബലമായി തിരിച്ചുവാങ്ങുകയും ചെയ്‌തു. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽത്തന്നെ അപൂർവമായി ഈ സംഭവം. 

ഇന്നലെ രാവിലെയാണ് ഐ-പാക് മേധാവി പ്രതീകിന്റെ വസതിയിൽ ഇഡി പരിശോധന ആരംഭിച്ചത്. വിവരമറിഞ്ഞ ഉടൻ തന്നെ മുഖ്യമന്ത്രി മമത ബാനർജി തന്റെ വസതിയിൽനിന്ന് സാൾട്ട് ലേക്കിലേക്ക് കുതിച്ചു. കേന്ദ്ര സേനയുടെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്ന മമത, ഇഡി ഉദ്യോഗസ്ഥരുമായി രൂക്ഷമായ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധമില്ലാത്ത, തൃണമൂൽ കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും സംഘടനാപരമായ വിവരങ്ങളും അടങ്ങിയ ഫയലുകളാണ് ഇഡി 'മോഷ്ടിക്കാൻ' ശ്രമിക്കുന്നതെന്ന് മമത ആരോപിച്ചു. തുടർന്ന്, പിടിച്ചെടുത്ത രേഖകളിൽ ചിലത് മമത ഉദ്യോഗസ്ഥരിൽനിന്ന് തിരികെ വാങ്ങുകയും അവയുമായി പുറത്തിറങ്ങുകയും ചെയ്‌തു.