സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന് ഇന്ന് തുടക്കം
കേരളത്തിലെ ആധികാരിക മുസ്ലിം പണ്ഡിത സഭയായ സമസ്‌തയുടെ ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന് ഇന്ന് തുടക്കം. 1926ൽ രൂപീകൃതമായ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശതാബ്ദി മഹാസമ്മേളനമാണ് എട്ടുവരെ കാസര്‍ക്കോട് കുണിയയിലെ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കുക. കോഴിക്കോട് വരക്കൽ മഖാമിൽ നിന്നെത്തിച്ച പതാകകളുമായി ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തളങ്കര മാലിക് ദീനാർ മഖാമിൽ നിന്നു കുണിയയിലെ സമ്മേളന നഗരിയിലേക്ക് ഘോഷയാത്ര പുറപ്പെടും. 3.30ന് പെരിയട്ടുടക്കയിൽ നിന്ന് സമ്മേളന നഗരിയിലേക്ക് വളണ്ടിയർ റൂട്ട് മാർച്ചും ആരംഭിക്കും.
വൈകുന്നേരം 4.30ന് സമ്മേളന നഗരിയിൽ സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പതാക ഉയർത്തും. തുടർന്ന് സമസ്‌ത കേന്ദ്ര മുശാവറ അംഗങ്ങളും സാദാത്തീങ്ങളും പോഷക സംഘടനാ നേതാക്കളും ചേർന്ന് 99 പതാകകളും ഉയർത്തും. രാത്രി ഏഴിന് ഉദ്ഘാടന സമ്മേളനം നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിക്കും. കുമ്പോൽ അലി തങ്ങൾ പ്രാർഥന നിർവഹിക്കും. സമസ്‌ത ട്രഷറർ പിപി ഉമർ മുസ്‌ലിയാർ കൊയ്യോട് ആമുഖപ്രഭാഷണം നടത്തും. ഈജിപ്തിലെ കെയ്റോ ഇസ്‌ലാമിക് റിസർച്ച് അസംബ്ലി സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അബ്ദു ദാഇം വിശിഷ്ടാതിഥിയാകും.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ശതാബ്ദി സ്മാരക ഗ്രന്ഥം പ്രകാശനം ചെയ്യും. കുണിയ ഗ്രൂപ്പ് ഇൻസ്റ്റിറ്റിയൂഷൻസ് ചെയർമാൻ ഇബ്രാഹിം അഹമ്മദലി ഹാജി കുണിയ പുസ്‌തകം സ്വീകരിക്കും. സുവനീർ എഡിറ്റർ അൻവർ സ്വാദിഖ് ഫൈസി താനൂർ പുസ്‌തകം പരിചയപ്പെടുത്തും. സമസ്‌ത സെക്രട്ടറി ഉമർ ഫൈസി മുക്കം സ്വാഗതം പറയും. സമസ്ത ശതാബ്ദിയോടനുബന്ധിച്ച് പുറത്തിറക്കുന്ന പുസ്‌തക പ്രകാശനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. അബ്‌ദുൽ മജീദ് ഹാജി സ്വീകരിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എംപി സപ്ലിമെൻ്റ് പ്രകാശനം ചെയ്യും. ജിദ്ദ ഹദാബ ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ ഡോ. ഇസ്സുദീൻ ഹാജി കുമ്പള സ്വീകരിക്കും.
സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽസെക്രട്ടറി എംടി അബ്ദുല്ല മുസ് ലിയാർ മുഖ്യപ്രഭാഷണം നടത്തും. കെ സുധാകരൻ എംപി, എംഎൽഎമാരായ എൻഎ നെല്ലിക്കുന്ന്,
എകെഎം അഷ്റഫ്, സിഎച്ച് കുഞ്ഞമ്പു, എം രാജഗോപാൽ, ഇ ചന്ദ്രശേഖരൻ എന്നിവർ അതിഥികളാകും. സമസ്‌ത കേന്ദ്ര മുശാവറ അംഗങ്ങളായ ഡോ. ഹൈദർ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദീൻ മുഹമ്മദ് നദ് വി, ബികെ അബ്‌ദുൽഖാദർ ഖാസിമി ബംബ്രാണ പ്രഭാഷണം നടത്തും.
വ്യാഴാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ 10,000 പ്രബോധകർ പങ്കെടുക്കുന്ന ദാഈ ക്യാംപ് കുണിയയിലെ വേദി ഒന്നിൽ നടക്കും. മഗ് രിബ് നിസ്കാര ശേഷം ആയിരങ്ങൾ പങ്കെടുക്കുന്ന ആത്മീയ സംഗമവും നടക്കും. ചരിത്ര സമ്മേളനത്തിൻ്റെ ഭാഗമായി ആദർശം, വിശുദ്ധി, നൂറ്റാണ്ടുകൾ എന്നീ വിഷയങ്ങളെ അധികരിച്ച് 16 പഠന വിഷയങ്ങൾ ഉൾകൊള്ളിച്ച് നടത്തുന്ന 33313 പേർ പങ്കെടുക്കുന്ന പഠന ക്യാംപിന് ആറിനു വൈകുന്നേരം നാല് മണിക്ക് തുടക്കമാവും. ഡോ. റാഫിഅ് രിഫാഈ ഇറാഖ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ അധ്യക്ഷത വഹിക്കും.
എട്ടിനു വൈകുന്നേരം നാലിന് ജനലക്ഷങ്ങൾ പങ്കെടുക്കുന്ന സമാപന പൊതുസമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ഈജിപ്ത‌് അൽ അസ്ഹർ യൂനിവേഴ്സിറ്റി റെക്‌ടർ ഡോ. സലാമ ജുമുഅ ദാവൂദ് ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം
നടത്തും. സമസ്‌ത ജനറൽസെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ് ലിയാർ ശതാബ്‌ദി സന്ദേശം നൽകും. സമസ്‌ത സെൻ്റിനറി അവാർഡ് ലുലു ഇൻ്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ യൂസഫലിക്ക് സമ്മാനിക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, കേരള പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി, ബംഗളൂരു ഡവലപ്മെന്റ് അതോറിറ്റി ചെയർമാൻ എൻഎ ഹാരിസ് പങ്കെടുക്കും. കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് ചെയർമാൻ ഇബ്രാഹിം അഹമ്മദലി ഹാജി കുണിയക്ക് ഉപഹാര സമർപ്പണം നടത്തും. ദേശീയ, അന്തർദേശീയ തലങ്ങളിലെ പ്രമുഖരായ ജനപ്രതിനിധികൾ, നേതാക്കൾ, പണ്ഡിതർ, വിദേശ പ്രതിനിധികൾ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
