കാസർകോട് കനത്ത പോളിങ്ങ്
സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിൽ വോട്ടർമാരുടെ ആവേശകരമായ പങ്കാളിത്തം. രാത്രി ഒൻപത് മണിയോടെയുള്ള ഔദ്യോഗിക കണക്കുകൾ പുറത്തുവന്നപ്പോൾ ജില്ലയിൽ ആകെ 79.03 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും വോട്ടർമാരുടെ സജീവ സാന്നിധ്യം പ്രകടമായി.
വോട്ടിങ് സമയം അവസാനിച്ച് മണിക്കൂറുകള്‍ കഴിഞ്ഞും പല ബൂത്തുകളിലും ടോക്കൺ വാങ്ങിയ വോട്ടർമാർ വോട്ട് രേഖപ്പെടുത്താനായി ക്യൂവിലുണ്ടായിരുന്നു.
ജില്ലയിൽ ഏറ്റവും കൂടുതൽ പോളിങ്ങ് ശതമാനം രേഖപ്പെടുത്തിയത് മഞ്ചേശ്വരം മണ്ഡലത്തിലാണ്. ഇവിടെ 80.64 ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. കാസർകോട് മണ്ഡലത്തിൽ 79.61 ശതമാനവും തൃക്കരിപ്പൂർ മണ്ഡലത്തിൽ 79.65 ശതമാനവും പോളിങ്ങ് രേഖപ്പെടുത്തി. വാശിയേറിയ പോരാട്ടം നടന്ന കാസർകോട് മണ്ഡലത്തിലെ കാസര്‍ക്കോട് ടൗണിലും പരിസര പ്രദേശങ്ങളിലും രാത്രി വൈകിയും വോട്ടർമാരുടെ തിരക്ക് അനുഭവപ്പെട്ടു.
ഉദുമ മണ്ഡലത്തിൽ 78.06 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. കാഞ്ഞങ്ങാട് മണ്ഡലത്തിലാണ് ജില്ലയിൽ ഏറ്റവും കുറഞ്ഞ പോളിങ്ങ് റിപ്പോർട്ട് ചെയ്‌തത്; 77.24 ശതമാനം. എങ്കിലും ഇതും കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മികച്ച പോളിങ്ങ് നിലവാരമായാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.

Post a Comment
0 Comments