രാജകുമാരി ചമഞ്ഞ് തട്ടിപ്പ്: ദുബൈയിൽ 12 മില്യൺ ദിർഹത്തിന്റെ ഊദ് കവർന്ന് 8 അംഗ സംഘം പിടിയിൽ
ദുബൈയിൽ സുഗന്ധദ്രവ്യ വ്യാപാരിയെ കബളിപ്പിച്ച് 12 ദശലക്ഷം ദിർഹം വിലമതിക്കുന്ന അപൂർവ്വ ലക്ഷ്വറി ഊദ് കവർന്ന എട്ടംഗ തട്ടിപ്പ് സംഘത്തെ ദുബൈ പൊലീസ് മണിക്കൂറുകൾക്കകം പിടികൂടി. രാജകുമാരിയായി വ്യാജ വേഷമണിഞ്ഞ് തട്ടിപ്പിന് നേതൃത്വം നൽകിയ സ്ത്രീ ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. പരാതി ലഭിച്ച് 12 മണിക്കൂറിനുള്ളിൽ തന്നെ പൊലീസ് പ്രതികളെ വലയിലാക്കുകയായിരുന്നു.
തട്ടിപ്പ് സംഘത്തിലെ രണ്ട് പേർ ആദ്യം ഊദ് വിൽക്കുന്ന പ്രമുഖ കടയിലെത്തി. ദുബൈ സന്ദർശിക്കുന്ന ഒരു പ്രമുഖ രാജകുമാരിക്ക് വളരെ അപൂർവ്വമായ ലക്ഷ്വറി ഊദ് വാങ്ങാൻ താല്പര്യമുണ്ടെന്ന് ഇവർ വ്യാപാരിയെ വിശ്വസിപ്പിക്കുകയായിരുന്നു. ദിവസങ്ങൾക്കുള്ളിൽ വ്യാപാരി കോടികൾ വിലമതിക്കുന്ന ഊദ് ശേഖരം തയ്യാറാക്കി ഇവരെ വിവരമറിയിച്ചു. തുടർന്ന് രാജകുമാരിയെ കാണാനായി വ്യാപാരിയെ ക്ഷണിക്കുകയും ആഡംബര വില്ല വാടകയ്ക്കെടുക്കുകയും ചെയ്തു. വലിയ ബാഗുകളിലായാണ് വ്യാപാരി ഊദ് വില്ലയിലെത്തിച്ചത്. അവിടെവെച്ച് രഹസ്യമായി ബാഗിലിരുന്ന യഥാർഥ ഊദ് മാറ്റി പകരം സാധാരണ വിറകുകഷണങ്ങൾ നിറച്ചു.
ഇടപാടുകൾ അടുത്ത ദിവസം പൂർത്തിയാക്കാമെന്ന് പറഞ്ഞ് ബാഗുകൾ തിരികെ നൽകി തട്ടിപ്പുകാർ വ്യാപാരിയെ മടക്കി അയക്കുകയായിരുന്നു. പിറ്റേന്ന് വ്യാപാരി ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണുകളെല്ലാം സ്വിച്ച് ഓഫ് ആയിരുന്നു. സംശയം തോന്നി ബാഗ് തുറന്നു നോക്കിയപ്പോഴാണ് കോടികളുടെ ഊദിന് പകരം വിറകുകഷ്‌ണങ്ങളാണെന്ന് വ്യാപാരി തിരിച്ചറിഞ്ഞത്.

Post a Comment
0 Comments