'കേരളത്തെ ആഗോള വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും; ഭാവിയിൽ നമ്മുടെ കുട്ടികൾക്ക് പഠനത്തിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരില്ല' മുഖ്യമന്ത്രി
കേരളത്തെ ലോകോത്തര വിദ്യാഭ്യാസ ലക്ഷ്യസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിയില്‍ നമ്മുടെ കുട്ടികള്‍ക്ക് പഠനത്തിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരില്ലെന്നും, വിദേശത്തു നിന്ന് പോലും വിദ്യാര്‍ത്ഥികള്‍ കേരളത്തിലേക്ക് ഒഴുകിയെത്തുന്ന സാഹചര്യം ഉണ്ടാകുമെന്നും വിഡി സതീശന്‍ ഉറപ്പുനല്‍കി.
കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ അമ്മമാര്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും കുട്ടികളുടെ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത് അമ്മമാരാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിയാന്‍ അധ്യാപകരും മാതാപിതാക്കളും തമ്മില്‍ നല്ല സൗഹൃദം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം തന്റെ സ്‌കൂള്‍ കാലഘട്ടത്തെക്കുറിച്ചുള്ള ഓര്‍മ്മകളും അദ്ദേഹം വേദിയില്‍ പങ്കുവെച്ചു. 'എന്റെ മനസ്സില്‍ മുഴുവന്‍ കുട്ടിക്കാലമാണ്. ഇന്ന് മഴ പെയ്യുന്നില്ല എന്നതില്‍ സങ്കടമുണ്ട്. നമ്മളൊക്കെ പഠിക്കുമ്പോള്‍ പ്രവേശനോത്സവ ദിവസം ഉറപ്പായും മഴ പെയ്യുമായിരുന്നു. അന്ന് അച്ഛന്‍ സ്‌കൂളില്‍ വന്നത് അഡ്മിഷന് വേണ്ടിയാണ്, പിന്നീട് പ്രീ-ഡിഗ്രിക്ക് മാത്രമാണ് വന്നത്. എന്നാല്‍ ഇന്നത്തെ കാലം അതല്ല,' അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പുതിയ തലമുറ ജീവിക്കുന്നത് എഐ ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളുടെ കാലത്താണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ വലിയ മുന്നേറ്റമാണ് നടത്തുന്നതെന്നും കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ ഇന്ന് ലോകത്തിലെ പല പ്രമുഖ സര്‍വകലാശാലകളിലും പഠിക്കുന്നുണ്ടെന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

Post a Comment
0 Comments