പകരം വീട്ടി ലീഗ്! പാര്‍ട്ടി വിട്ട് നിയമസഭയില്‍ എത്തിയവര്‍ക്ക് വിശ്രമം, സീപിഎമ്മിനെ വെല്ലുവിളിച്ച് പോരിന് ഇറങ്ങിയവര്‍ നിയമസഭയിലേക്ക്

[] നിയമസഭയിലേക്ക് 11 വനിതകൾ: 
യുഡിഎഫ് 9, എല്‍ഡിഎഫ്‌ 2
[] ലീഗ് വിട്ട് നിയമസഭയില്‍ എത്തിയവര്‍ക്ക് വിശ്രമം, സീപിഎമ്മിനെ വെല്ലുവിളിച്ച് പോരിന് ഇറങ്ങിയവര്‍ നിയമസഭയിലേക്ക് 

[] യുഡിഎഫ് തരംഗം ആഞ്ഞടിച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ സഭയിലെത്തുന്നത് 11 വനിതകൾ. മുസ്‌ലിം ലീഗ് ചരിത്രത്തിലാദ്യമായി ഒരു വനിതാ എംഎൽഎയെ നിയമസഭയിലേക്ക് അയക്കുന്നു എന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്. മുസ്ലിം ലീഗിന്റെ പേരാമ്പ്രയിലെ സ്ഥാനാർഥി ഫാത്തിമ തഹിലിയ എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണനെന്ന വന്‍ 
മരത്തെ കടപുഴക്കിയാണ് നിയമസഭയിലെത്തുന്നത്. ഉപതെരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിച്ചിരിക്കുകയാണ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ്. കെകെ രമയാകട്ടെ യുഡിഎഫ് പിന്തുണയോടെ വടകരയിൽ വീണ്ടും കരുത്ത് തെളിയിച്ചു. അരൂരിൽ എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് തിരിച്ചുപിടിച്ചുകൊണ്ടാണ് യുഡിഎഫിന്റെ ഷാനി മോൾ ഉസ്മാൻ ഇത്തവണ സഭയിലെത്തുന്നത്. 
വനിത എംഎല്‍എമാര്‍: വിദ്യ ബാലകൃഷ്ണൻ, കെകെ രമ, ഫാത്തിമ തഹിലിയ, ഉഷ വിജയൻ, തുളസി ടീച്ചർ, ഉമ തോമസ്, ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്‌ണ, രമ്യ ഹരിദാസ് (എല്ലാവരും യുഡിഎഫ്). ഗീത ഗോപി, ഒഎസ് അംബിക (എല്‍ഡിഎഫ്‌).

[] നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പടല പിണക്കം കാരണം മുസ്ലിം ലീഗ് പാര്‍ട്ടി വിട്ട് ഇടതു പക്ഷത്തോട് ചേർന്ന് വിജയിച്ച കഴിഞ്ഞ സഭകളില്‍ അംഗങ്ങൾ ആയിരുന്ന കെടി ജലീലിനും പിട്ടിഎ റഹീമിനും ഇനി വിശ്രമം. ഇരുവരും കനത്ത തോല്‍വിയാണ് തവനൂര്‍, കുന്ദമംഗലം മണ്ഡലങ്ങളില്‍ നേരിട്ടത്. മലപ്പുറം ഡിസിസി പ്രസിഡന്റ് വീയെസ് ജോയി ആണ് കെടി ജലീലിനെ പരാജയപ്പെടുത്തിയത്. പിട്ടിഎ റഹീമിനെ കോഴിക്കോട്  ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് എംഎ റസാഖ് മാസ്റ്റര്‍ മലര്‍ത്തിയടിച്ചു. നേരത്തേ മുസ്ലിം ലീഗില്‍ സ്ഥാനാർത്ഥി നിര്‍ണ്ണയ വിഷയത്തില്‍ പാര്‍ട്ടി വിട്ട് ഇടത് നിയമസഭാംഗമായിരുന്ന കാരാട്ട് റസാഖ് ഈയിടെ മുസ്ലിംലീഗില്‍ തിരിച്ചെത്തി. കോണ്‍ഗ്രസിനെ മൊഴി ചൊല്ലി എല്‍ഡിഎഫ്‌ സ്ഥാനാർത്ഥി ആയ മന്ത്രി കൂടിയായ വി അബ്ദുല്‍ റഹ്മാന്‍ പരാജയം മണത്ത് മണ്ഡലം മാറിയെങ്കിലും ജനം കൈവിട്ടു. മുസ്ലിംലീഗ് നേതാവ് കുറുക്കോളി മൊയ്തീന്‍ അബ്ദുല്‍ റഹ്മാനെ തോല്പിച്ചു. 

അതേസമയം സിപിഎം വിമതരായ നിരവധി പേരാണ് ഇത്തവണ നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്യുക. പയ്യന്നൂരില്‍ വി കുഞ്ഞി കൃഷ്ണൻ, തളിപ്പറമ്പിലെ ടികെ ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവരുടെ വിജയം സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചു. മുഖ്യമന്ത്രിക്കെതിരെ കലാപക്കൊടി ഉയർത്തി അമ്പലപ്പുഴയില്‍ മത്സരിച്ച ജി സുധാകരന്‍ നേടിയത് അമ്പരപ്പിക്കുന്ന വിജയമാണ്. മൂന്ന് പേരും യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ആയാണ് മത്സരം ഗോദയില്‍ എത്തിയത്.

Post a Comment

0 Comments