മലയാളി അമ്മയും മകളും മരിച്ച സംഭവം: താമസിച്ചിരുന്ന കെട്ടിടത്തിൽനിന്നും ചാടിയതാണെന്ന് ദൃക്സാക്ഷികൾ
ഷാർജയിൽ മലയാളി യുവതിയും മകളും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 35 വയസ്സുള്ള അമ്മ തൻ്റെ അഞ്ച് വയസ്സുള്ള കുട്ടിയെയും കൂട്ടി അൽ നഹ്‌ദ പ്രദേശത്തെ അപ്പാർട്ട്മെന്റിൻ്റെ 15-ാം നിലയിൽ നിന്ന് എടുത്തു ചാടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളും ഇവർ താമസിച്ചിരുന്ന കെട്ടിട ജീവനക്കാരും പറയുന്നത്. കണ്ണൂർ അഴീക്കോട് പുതിയകാവ് 'ആർഷ അഷിത ഭവനത്തിൽ ആർഷ (35)യും ഏകമകൾ റൂഹിയേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് നിഹാലിനൊപ്പം ഷാർജയിലെ അൽ നഹ്ദയിൽ സഹാറ മാളിന് സമീപത്തെ ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്.
സംഭവത്തിൽ ആത്മഹ ത്യയായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഷാർജ പോലീസ് അറിയിച്ചിരുന്നു. കൂടുതൽ അന്വേഷണത്തിനായി കേസ് പബ്ലിക് പ്രോസിക്യൂഷനെ ഏല്പിച്ചതായും പോലീസ് കൂട്ടിച്ചേർത്തു. വലിയ ശബ്ദം കേട്ട് പുറത്തേക്ക് ഓടിയെത്തിയ കെട്ടിടത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ കുട്ടിയുടെയും സ്ത്രീയുടെയും മൃതദേഹങ്ങൾ താഴെ കാണുകയായിരുന്നു. കുട്ടി റോഡിലും അമ്മ 32 നിലകളുള്ള ടവറിന് താഴെയുള്ള നടപ്പാതയിലും ആണ് ഉണ്ടായിരുന്നത്. ഉടൻ പോലീസിനെയും ആംബുലൻസ് വകുപ്പിനെയും അറിയിച്ചു.
കുടുംബ തർക്കത്തെ തുടർന്ന് കഴിഞ്ഞ ദിവസം പോലീസ് ഈ കെട്ടിടം സന്ദർശിച്ചിരുന്നുവെന്ന് അയൽക്കാർ പറഞ്ഞു. ഭാര്യയ്ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ഭർത്താവ് തന്നോട് പറഞ്ഞതായി സുരക്ഷാ ജീവനക്കാരനും പറയുന്നു. ദുബൈയിൽ എയർക്രാഫ്റ്റ് റിസോഴ്സ് അലോക്കേഷൻ ഓഫീസറായി ജോലി ചെയ്യുന്ന യുവതിയുടെ ഭർത്താവിനെ അധികൃതർ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Post a Comment
0 Comments