ഇത് ദൈവാനുഗ്രഹം: ടീം യുഡിഎഫിന് നന്ദി പറഞ്ഞ് വീഡി



കേരളത്തിന് പുതുയുഗ പിറവി സമ്മാനിക്കാന്‍ ടീം യുഡിഎഫ്. ജനഹിതമറിഞ്ഞ് സമര്‍പ്പണം ചെയ്യുന്ന ടീമായി പുതിയ മന്ത്രിസഭ മാറുമെന്ന്  നിയുക്ത മുഖ്യമന്ത്രി വീഡി സതീശന്‍ പറഞ്ഞു. പൊതു പ്രവര്‍ത്തനം എന്നതിന്റെ നിര്‍വ്വചനം ഞങ്ങള്‍ മാറ്റി എഴുതും, നാടിനും ജനങ്ങള്‍ക്കുമായി സമര്‍പ്പണം ചെയ്യുന്ന ഒരു ടീമിനെ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്നെ മുഖ്യമന്ത്രി പദത്തിലെത്തിച്ചത് ടീം യുഡിഎഫ് ആണെന്ന്  വീഡി സതീശന്‍ പറഞ്ഞു. കഠിനാധ്വാനം ചെയ്‌ത ലക്ഷകണക്കിന് യുഡിഎഫ് പ്രവർത്തകരാണ് തന്നെ ഇതിന് പ്രാപ്‌തനാക്കിയത്. കേരളത്തിലെ ജനങ്ങൾ ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് എഐസിസി പ്രഖ്യാപനം വന്നതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

അംഗീകാരം വ്യക്തിപരമായി കിട്ടിയതല്ല. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയേയും എഐസിസി സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനേയും പൂർണമായി വിശ്വാസത്തിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ സഹായിച്ചത് എഐസിസിയാണ്. അത് കേരളത്തിൽ നടപ്പാക്കാൻ സഹായിച്ചത് കെസി വേണുഗോപാലാണ്. രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും എൻ്റെ നേതാക്കളാണ്. മുഖ്യമന്ത്രി പ്രഖ്യാപനം സംബന്ധിച്ച് വൈകലുണ്ടായിട്ടില്ല. പ്രൊസസ് മാത്രമാണ് നടന്നത്. 

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിലും സാദിഖ് അലി ശിഹാബ് തങ്ങൾ ഉള്‍പ്പെടെ 
ഘടകകക്ഷി നേതാക്കളുടെ പേരെടുത്ത് പറഞ്ഞ് വിഡി സതീശൻ നന്ദി അറിയിച്ചു. കേരളം സങ്കീർണമായ അവസ്ഥയിലൂടെയാണ് കടന്നു പോവുന്നത്. വെല്ലുവിളികളെ നേരിടാൻ ജനങ്ങൾ ഒരുമിച്ച് നിൽക്കണം. പ്രതിപക്ഷത്തിൻ്റെ പിന്തുണയും താൻ ആവശ്യപ്പെടുന്നു. എല്ലാവരും ചേർന്നുള്ള പ്രവർത്തനത്തിന് മാത്രമേ മാറ്റം ഉണ്ടാക്കാൻ കഴിയൂ എന്നും അദ്ദേഹം എടുത്തു പറഞ്ഞു.

Post a Comment

0 Comments