ആർഎസ്എസ് രജിസ്‌റ്റർ ചെയ്യണം, നിയമം കൊണ്ടു വരാനൊരുങ്ങി കർണാടക സർക്കാർ

രാഷ്ട്രീയ സ്വയംസേവക് സംഘിന്റെയും (ആർഎസ്എസ്) മറ്റ് അനുബന്ധ സംഘടനകളുടെയും രജിസ്ട്രേഷൻ നിർബന്ധമാക്കുന്നതിനായി കർണാടക സർക്കാർ പുതിയ നിയമം കൊണ്ടുവരാൻ ഒരുങ്ങുന്നു. സംഘടനകൾ നിയമപ്രകാരം രജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്നും ഇതിനായി നിയമപരമായ സാധ്യതകൾ സർക്കാർ പരിശോധിച്ചുവരികയാണെന്നും കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങൾക്ക് വിധേയമായി ആർഎസ്എസ് ആദ്യം തങ്ങളുടെ സംഘടന രജിസ്റ്റർ ചെയ്യാൻ തയ്യാറാകണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംഘടനയുടെ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പുവരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സർക്കാരിതര സംഘടനയാണ് ആർഎസ്എസ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ അവകാശപ്പെടുന്നത്. ലക്ഷക്കണക്കിന് അംഗങ്ങൾ തങ്ങൾക്കുണ്ടെന്ന് അവർ പറയുന്നു. യൂണിഫോം ധരിച്ച് ലാത്തികളുമായി അവർ തെരുവുകളിൽ പരസ്യമായി മാർച്ച് നടത്താറുണ്ട്. ഇത്രയും വലിയൊരു സംഘടനയ്ക്ക് ജനങ്ങളോട് കൃത്യമായ ഉത്തരവാദിത്തം ഉണ്ടായിരിക്കണം. ഇതിനായുള്ള നടപടികൾ വകുപ്പ് സ്വീകരിച്ചു വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വരുന്ന 15 മുതൽ 20 ദിവസങ്ങൾക്കുള്ളിൽ, അതായത് കർണാടക നിയമസഭയുടെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി ഇത് സംബന്ധിച്ച ചട്ടങ്ങൾ രൂപീകരിക്കുകയോ നിയമം നിർമ്മിക്കുകയോ ചെയ്തേക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. വിഷയത്തിൽ ആഭ്യന്തര വകുപ്പ് നിയമവിദഗ്ധരുമായി ഇപ്പോൾ കൂടിയാലോചനകൾ നടത്തിവരികയാണ്.

തങ്ങൾ കേവലം വ്യക്തികളുടെ കൂട്ടായ്‌മ മാത്രമാണെന്നാണ് ആർഎസ്എസ് കാലങ്ങളായി അവകാശപ്പെടുന്നത്. എന്നാൽ പുതിയ നിയമം നിലവിൽ വരുന്നതോടെ ആർഎസ്എസിനും എല്ലാ അനുബന്ധ സംഘടനകൾക്കും രജിസ്ട്രേഷൻ നിർബന്ധമാകും.

Post a Comment

0 Comments