ക്രിക്കറ്റ് കളിക്കിടെ ഭട്‌കൽ സ്വദേശി കുഴഞ്ഞു വീണു മരിച്ചു; മൃതദേഹം ദുബൈയിൽ ഖബറടക്കി
അവധി ദിനത്തില്‍ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ പ്രവാസി യുവാവ് ദുബൈയിൽ കുഴഞ്ഞുവീണു മരിച്ചു. കർണാടക ഭട്‌കൽ സ്വദേശിയും ദുബൈയിൽ ബിസിനസ് നടത്തിവരികയുമായിരുന്ന മുഹമ്മദ് സഫ് വാൻ ഷാനു (38) ആണ് മരിച്ചത്. ഞായറാഴ്‌ച രാവിലെ ബാറ്റ് ചെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് പിച്ചിൽ കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ 15 വർഷമായി യുഎഇയിലുള്ള മുഹമ്മദ് സഫ് വാൻ, എട്ടുവർഷത്തോളം സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത ശേഷമാണ് സ്വന്തമായി ബിസിനസ് ആരംഭിച്ചത്. യു.എ.ഇയിലെ പ്രവാസി ക്രിക്കറ്റ് കൂട്ടായ്‌മകളിൽ മികച്ച ബാറ്റ്സ്‌മാനായി അറിയപ്പെട്ടിരുന്ന അദ്ദേഹം ഒട്ടേറെ ടൂർണമെന്റുകളിൽ ടീമുകളെ നയിച്ചിട്ടുണ്ട്. ഭാര്യയും മൂന്ന് ആൺകുട്ടികളും നാല് മാസം മാത്രം പ്രായമുള്ള ഒരു പെൺകുഞ്ഞുമടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. പ്രിയപുത്രൻ്റെ അവസാന നോക്ക് കാണാൻ മാതാപിതാക്കൾ ദുബൈയിൽ എത്തി. മൃതദേഹം മുഹൈസിന ഖബർസ്ഥാനിൽ ഖബറടക്കി.

Post a Comment
0 Comments