തൃണമൂൽ കോൺഗ്രസ് കോൺഗ്രസിൽ ലയിക്കുന്നു? സോണിയ-മമത കൂടിക്കാഴ്ച‌; പിന്നാലെ രാഹുൽ ഗാന്ധിയെ കണ്ട് അഭിഷേക് ബാനർജി

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ്  തോൽവിക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ കടുത്ത വിമത നീക്കവും കൂട്ടക്കൊഴിഞ്ഞുപോക്കും നേരിടുന്ന തൃണമൂൽ കോൺഗ്രസിനെ രക്ഷിക്കാൻ ദേശീയതലത്തിൽ പുതിയ രാഷ്ട്രീയ നീക്കങ്ങൾ. തൃണമൂൽ കോൺഗ്രസ്, നാഷണല്‍ കോൺഗ്രസിൽ ലയിക്കാൻ ഒരുങ്ങുന്നുവെന്ന ശക്തമായ അഭ്യൂഹങ്ങൾക്കിടയിൽ, ഇരു പാർട്ടികളുടെയും ഉന്നത നേതൃത്വങ്ങൾ ഡൽഹിയിൽ വെച്ച് തുടർച്ചയായ ചർച്ചകൾ നടത്തി.

തൃണമൂൽ അധ്യക്ഷ മമത ബാനർജി കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെ, ടിഎംസി  ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും ഡെറക് ഒബ്രയനും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി 10 ജനപഥ് വസതിയിൽ വെച്ച് ചർച്ചകൾ നടത്തി.  കൂടിക്കാഴ്‌ചകൾ 'ഇൻഡ്യ' മുന്നണിയുടെ ഐക്യം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമാണെന്ന് ഇരുവിഭാഗവും വ്യക്തമാക്കുമ്പോഴും, പാർട്ടിയുടെ നിലനിൽപ്പ് ഉറപ്പാക്കാനുള്ള മമതയുടെ നീക്കമായാണ് രാഷ്ട്രീയ വൃത്തങ്ങൾ  വിലയിരുത്തുന്നത്. അതേസമയം, കോൺഗ്രസുമായുള്ള ലയന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കള്‍ പറയുന്നു. 

ബംഗാൾ തോൽവിക്ക് ശേഷം ഡല്‍ഹിയില്‍ മമത ബാനർജിയും സോണിയ ഗാന്ധിയും തമ്മിൽ അടച്ചിട്ട മുറിയിൽ ദീർഘനേരം ചർച്ച നടത്തിയിരുന്നു. 'ഇൻഡ്യ' മുന്നണി യോഗത്തിൽ വെച്ച് പരസ്‌പരം ആലിംഗനം ചെയ്തു‌കൊണ്ടാണ് സോണിയയും മമതയും തങ്ങളുടെ ദൃഢബന്ധം ഊട്ടിയുറപ്പിച്ചത്. പിന്നാലെ സോണിയയുടെ വസതിയിലെത്തിയ മമത, പാർട്ടിയുടെ ഭാവി തന്ത്രങ്ങളെക്കുറിച്ചും ബിജെപിക്കെതിരെ ഒരുമിച്ച് നിൽക്കേണ്ടതിൻ്റെ ആവശ്യകതയെ പറ്റിയും സംസാരിച്ചതായാണ് വിവരം. കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അഭിഷേക് ബാനർജി 10 ജനപഥിലെത്തി രാഹുൽ ഗാന്ധിയെ കണ്ടത്.

Post a Comment

0 Comments