ഇന്ത്യന്‍ വിമാനത്താവളങ്ങളിൽ സെൽഫിയും റീലുകളുമെടുത്താൽ യാത്രാവിലക്ക്; കർശന മുന്നറിയിപ്പുമായി DGCA
യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും വിമാനത്താവളങ്ങളിൽ വെച്ച് സെൽഫികളോ യാത്രാ ബ്ലോഗുകളോ റീലുകളോ ചിത്രീകരിക്കുന്നത് ഇനി മുതൽ വലിയ നിയമക്കുരുക്കുകൾക്ക് കാരണമായേക്കാം. ഇന്ത്യൻ വിമാനത്താവളങ്ങളിലെ സുരക്ഷാ മേഖലകളിൽ അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നതിനെതിരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നിയന്ത്രണങ്ങൾ കടുപ്പിച്ചു. സുരക്ഷാ പരിശോധനാ കേന്ദ്രങ്ങൾ, ബോർഡിംഗ് ഗേറ്റുകൾ, റൺവേ ബസുകൾ, വിമാനങ്ങൾ പാർക്ക് ചെയ്യുന്ന അപ്രോൺ തുടങ്ങിയ നിയന്ത്രിത മേഖലകളിൽ ചിത്രീകരണങ്ങൾ നടത്തിയാൽ മൊബൈൽ ഫോണും ക്യാമറയും കണ്ടുകെട്ടുകയും, പിഴ ചുമത്തുകയും ചെയ്യും. ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്കായി തയ്യാറാക്കുന്ന സാധാരണ വീഡിയോകൾ പോലും വിമാനത്താവളങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളുടെയും ക്യാമറകളുടെയും വിവരങ്ങൾ ചോരാൻ ഇടയാക്കുന്നു എന്ന വിലയിരുത്തലിലാണ് ഈ അടിയന്തിര നടപടി. നിയമലംഘനം ഗുരുതരമാണെങ്കിൽ യാത്രക്കാരെ നിശ്ചിത കാലയളവിലേക്ക് 'നോ-ഫ്ലൈ ലിസ്റ്റിൽ' ഉൾപ്പെടുത്തി വിമാനയാത്ര വിലക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം ചെക്ക്-ഇൻ ഹാളുകൾ, ഫുഡ് കോർട്ടുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ ചിത്രീകരണത്തിന് തടസ്സമില്ലെങ്കിലും കമേഴ്സ്യൽ അല്ലെങ്കിൽ പ്രൊഫഷണൽ ഷൂട്ടുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.

Post a Comment
0 Comments