സമരക്കാരെ അധിക്ഷേപിച്ചു; മേജർ രവിക്ക് വക്കീൽ നോട്ടീസ്

ജന്തർ മന്തറിലെ സമരക്കാർക്കെതിരായ അധിക്ഷേപ പരാമർശത്തിന് മേജർ രവിക്ക് വക്കീൽ നോട്ടീസ്. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം പരാമർശം പിൻവലിച്ചു മാപ്പ് പറയണം എന്നും വീഡിയോ നീക്കം ചെയ്യണം എന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. കോക്രോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മോഹൻലാലിന്‍റെ മകളും നടിയുമായ വിസ്മയ രംഗത്തെത്തിയിരുന്നു. തൊട്ടുപിന്നാലെ വിസ്മയയെ വിമര്‍ശിച്ച് മേജര്‍ രവി രംഗത്തെത്തുകയായിരുന്നു. വിയറ്റ്‌നാമിൽ ജനിച്ചുവളർന്ന വിസ്മയയ്ക്ക് കാര്യമായ രാഷ്ട്രീയ വിദ്യാഭ്യാസമില്ലെന്നായിരുന്നു രവിയുടെ പ്രതികരണം. പ്രതിഷേധിക്കുന്ന വിദ്യാർഥികളെ മർദിക്കുന്നതു കണ്ടപ്പോൾ മനുഷ്യത്വത്തിന് പുറത്താണ് വിസ്മയ പോസ്റ്റിട്ടതെന്നും അദ്ദേഹം പറഞ്ഞു.

സിജെപി പ്രക്ഷോഭം എന്നത് ഫോറിൻ ഫണ്ടഡ് ആയിട്ടുള്ള  പ്രക്ഷോഭമാണ്. ഇപ്പോൾ ഇതിന്റെ മുദ്രാവാക്യം 'മോദി കോ ഹട്ടാവോ' എന്നാണ്. രാഹുൽ ഗാന്ധി അവിടെ വന്ന് ഷോ ഓഫ് നടത്തുന്നു. ബിഗ് ബോസിലേക്ക് എൻട്രി കിട്ടാൻ വേണ്ടിയാണ് ചില ആർട്ടിസ്റ്റുകൾ അവിടെ പോകുന്നത്. മോദി ഗവൺമെന്റിനെ താഴെയിറക്കിയാൽ മാത്രമേ അവർക്ക് ഇഷ്ടമുള്ളവരെ അധികാരത്തിൽ ഇരുത്താൻ കഴിയൂ' എന്നും അദ്ദേഹം ആരോപിച്ചു.

വാങ്ചുക്കിനെ പോലുള്ളവർ പട്ടിണി കിടക്കുമ്പോൾ അമേരിക്കയിൽ നിന്നുള്ളവർ അവിടെ ബിരിയാണിയും പുട്ടും അടിച്ച് നടക്കുന്നു. ഇത് നീറ്റ് പ്രശ്‌നമല്ല, മോദിയെ താഴെയിറക്കാനുള്ള നീക്കമാണ്. പരാജയപ്പെട്ട കർഷക സമരക്കാരെയും ഇതിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഈ ഫുഡ് പാക്കേജിനും മറ്റും ഫണ്ടിംഗ് വരുന്നത് വിദേശത്ത് നിന്നാണ്. അവിടെ പ്രതിഷേധിക്കാൻ വന്നവർക്ക് ഒരു എലിജിബിലിറ്റിയുമില്ല. സൗജന്യ ഭക്ഷണത്തിനും മദ്യത്തിനും വേണ്ടിയാണ് പലരും അവിടെയുള്ളത്. അവിടെ ഒരു മാധ്യമ പ്രവർത്തകയ്ക്ക് നേരെ ഉണ്ടായ അതിക്രമം നാം കണ്ടതാണ്', മേജർ രവി വീഡിയോയിൽ പറഞ്ഞിരുന്നു.

Post a Comment

0 Comments