വേൾഡ് മലയാളി കൗൺസിൽ പതിനഞ്ചാം ബയനിയൽ ഗ്ലോബൽ കോൺഫറൻസ് ഒരുക്കങ്ങൾ പൂർത്തിയായി

ലോക പ്രവാസി മലയാളി കൂട്ടായ്മയായ  വേൾഡ് മലയാളി കൗൺസിലിൻ്റെ  പതിനഞ്ചാം ബയനിയൽ ഗ്ലോബൽ കോൺഫറൻസ്  ഓഗസ്റ്റ് 21 മുതൽ 24 വരെ അമേരിക്കയിലെ  ഡാളസിൽ നടക്കും. ലോക രാജ്യങ്ങളിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ഗ്ലോബൽ കോൺഫറൻസിൽ മിഡിൽ ഈസ്റ്റ് റീജിയണിൽ നിന്നും 120 പ്രതിനിധികൾ പങ്കെടുക്കും. വിവിധ സെമിനാറുകൾ, സാംസ്‌കാരിക പരിപാടികൾ, ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനം എന്നിവ കോൺഫറൻസിൽ നടക്കും. 1995ൽ അമേരിക്കയിലെ ന്യൂജേഷ്‌സിയിൽ രൂപീകരിച്ച  വേൾഡ് മലയാളി കൗൺസിലിന്  40 രാജ്യങ്ങളിൽ പ്രൊവിൻസുകളുണ്ട്.

ജീവിതാന്ത്യം വരെ ജീവകാരുണ്യ മേഖലയിൽ പ്രശസ്തമായ സേവനം അനുഷ്ഠിച്ച വേൾഡ് മലയാളി കൗൺസിൽ മുൻ ഗ്ലോബൽ ചെയർമാൻ ഡോ. പിഎ ഇബ്രാഹീം ഹാജിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഡോ. പിഎ ഇബ്രാഹിം ഹാജി മെമ്മോറിയൽ വേൾഡ് മലയാളി ഹ്യൂമാനിറ്റേറിയൻ ഗോൾഡൻ ലാൻ്റേൺ അവാർഡ് ഗാന്ധിഭവൻ അഭയ കേന്ദ്രങ്ങളുടെ സ്ഥാപകൻ പുനലൂർ സോമരാജന് നൽകും. മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി അഹമ്മദിന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ്സ് ഐക്കൺ അവാർഡും,  ഇക്കോൺസ് ഐടി സർവീസസ് ഗ്രൂപ്പ് ചെയർമാൻ മോബി കെ ബാബുവിന്  ഗ്ലോബൽ ബിസിനസ്സ് എക്സലൻസ് അവാർഡും നൽകി  ആദരിക്കും.

വേൾഡ് മലയാളി കൗൺസിൽ പതിനഞ്ചാം ബയനിയൽ ഗ്ലോബൽ കോൺഫറൻസിൽ 'കാരുണ്യ ഭവനം' പദ്ധതി പ്രകാരം15 വീടുകൾ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത അർഹരായ അപേക്ഷകർക്ക്‌ നിർമ്മിച്ച് നൽകും. മിഡിൽ ഈസ്റ്റ് റീജിയൺ പ്രൊവിൻസുകളുടെ ആഭിമുഖ്യത്തിലാണ് 'കാരുണ്യ ഭവനം' പദ്ധതിയിൽ 7 വീടുകൾ നിർമ്മിയ്ക്കുന്നത്. ഒന്നര കോടി രൂപയാണ് കാരുണ്യ ഭവനം പദ്ധതിക്ക് അംഗങ്ങളിൽ നിന്നും സമാഹരിക്കുന്നത്. ഫിലാഡൽഫിയ പ്രൊവിൻസിൻ്റെ നേതൃത്വത്തിൽ ഗാന്ധി ഭവനുമായി സഹകരിച്ചു സർക്കാർ നൽകിയ ഭൂമിയിൽ ആദിവാസി സമൂഹത്തിന് 25 പ്രകൃതി സൗഹൃദ വീടുകൾ നിർമ്മിച്ചു നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.

ഗ്ലോബൽ കോൺഫറൻസ് ഒരുക്കങ്ങൾ പൂർത്തിയായെന്നും, നാൽപത് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ  പങ്കെടുക്കുന്ന കോൺഫറൻസിൽ,  കേരളത്തിൻ്റെ സർവ്വതോൻമുഖ വികസനത്തിന് കേന്ദ്ര - സംസ്ഥാന സർക്കാരുമായി സഹകരിച്ചു ഒട്ടേറെ പദ്ധതികൾക്ക് രൂപം നൽകുമെന്നും ഗ്ലോബൽ പ്രസിഡണ്ട് ജോൺ മത്തായി, രാജേഷ് പിള്ള (ഗ്ലോബൽ വൈസ് പ്രസിഡണ്ട്), ഡോ. ജെറോ വർഗീസ്  (ഗ്ലോബൽ അസോസിയേറ്റ് സെക്രട്ടറി), ഷൈൻ ചന്ദ്രസേനൻ (മിഡിൽ ഈസ്റ്റ് റീജിയൺ ചെയർമാൻ), ഡയസ് ഇടിക്കുള (മിഡിൽ ഈസ്റ്റ് റീജിയൺ പ്രസിഡണ്ട്), ചന്ദ്രപ്രതാപ് (മിഡിൽ ഈസ്റ്റ് റീജിയൺ സെക്രട്ടറി), ഹരി കൃഷ്ണൻ, സിന്ധു ഹരി കൃഷ്ണൻ (ഗ്ലോബൽ വിമൻസ് ഫോറം സെക്രട്ടറി), കൃഷ്ണാ കിരൺ (ഗ്ലോബൽ യൂത്ത് ഫോറം പ്രസിഡണ്ട്), ജിതിൻ അരവിന്ദാക്ഷൻ (ഗ്ലോബൽ യൂത്ത് ഫോറം സെക്രട്ടറി) എന്നിവർ അറിയിച്ചു.

Post a Comment

0 Comments