അപകടസ്ഥലത്ത് കാഴ്‌ചക്കാരായ ി കൂട്ടംകൂടിയാൽ 1,000 ദിർഹം പിഴ; കർശന നടപടിയുമായി അബൂദാബി പൊലിസ്

അബൂദബി: റോഡപകടം തീപിടുത്തം തുടങ്ങിയ അപകട സ്ഥലങ്ങളിൽ ചുറ്റും തടിച്ചു കൂടി നിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അബുദാബി പോലീസ്. ജീവനക്കാരുടെ അടിയന്തിര രക്ഷ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ ഒരു ദയയും കാണിക്കില്ല- അബൂദബി പൊലിസ് വ്യക്തമാക്കി. ഇത്തരം തടസ്സം സൃഷ്ടിക്കുന്നവർക്കും കൂട്ടം കൂടി നിൽക്കുന്നവർക്കും, നിരത്തിൽ തിരക്ക് കൂട്ടുന്നവർക്കും 1,000 ദിർഹം പിഴ ചുമത്തും.

എക്സ് പ്ലാറ്റ് ഫോമിലൂടെയാണ് അബൂദബി പൊലിസും അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി ഇക്കാര്യം അറിയിച്ചത്. അപകടസ്ഥലങ്ങളിൽ ആംബുലൻസുകൾക്കും മറ്റ് അടിയന്തര ജീവനക്കാർക്കും വേഗത്തിൽ എത്തിച്ചേരാൻ വഴിയൊരുക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. പരിക്കേറ്റവരെ രക്ഷിക്കുന്നതിനും കൂടുതൽ അപകടങ്ങളും നാശ നഷ്ടങ്ങൾ ഒഴിവാക്കുന്നതിനും രക്ഷാപ്രവർത്തകർ കൃത്യസമയത്ത് സ്ഥലത്തെത്തേണ്ടത് അത്യാവശ്യമാണെന്ന് അധികൃതർ വിശദീകരിച്ചു. അപകടസ്ഥലത്തിന് ചുറ്റും തിങ്ങിക്കൂടുന്ന കാൽ നടയാത്രക്കാർ റോഡിനോട് ചേർന്ന് നിൽക്കുന്നത് കൂടുതൽ അപകടങ്ങൾക്ക് കാരണമായേക്കാം, ഇത് അവർ തന്നെ അപകടത്തിൽപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും പൊലിസ് ചൂണ്ടിക്കാട്ടി.

അപകട സ്ഥലത്ത് ഗതാഗതം തടസ്സപ്പെടുത്തുന്നവർക്ക് 1,000 ദിർഹം പിഴ ചുമത്തും, ഇത് അപകടത്തിൽപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും പൊലിസ് ചൂണ്ടിക്കാട്ടി. അപകട സ്ഥലങ്ങളിൽ ആളുകൾ കൂട്ടംകൂടുക, റോഡിൽ ക്രമാതീതമായി വാഹനങ്ങൾ നിർത്തിയിടുക, ഗതാഗതക്കുരുക്ക് സൃഷ്‌ടിക്കുക ഇവയും കുറ്റകരമാണ്, പിഴ ഈടാക്കും.

വാഹന അപകടങ്ങളും തീപിടുത്തങ്ങളും കാണുന്നതിനായി കൂട്ടം കൂടുന്നതും, അപകടത്തിൽപ്പെട്ട വാഹനങ്ങളുടെയും പരുക്കേറ്റവരുടെയും ഫോട്ടോകൾ എടുക്കുന്നതും തെറ്റാണ്. ഈ ചിത്രങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കുമെന്നും നിയമനടപടികൾക്ക് കാരണമാകുമെന്നും പൊലിസ് മുന്നറിയിപ്പിൽ പറയുന്നു.