വഴിയിൽ മാലിന്യം വലിച്ചെറിയരുത്; നടപടി കടുപ്പിച്ച് ബംഗ്ലൂരു കോർപ്പറേഷൻ
ബംഗളൂരു: തെരുവിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് മറക്കാനാവാത്ത തിരിച്ചടിയുമായി ബംഗളൂരു കോർപ്പറേഷൻ ശുചീകരണ ഏജൻസി. പൊതുയിടങ്ങളിലും വഴിയരികിലും വലിച്ചെറിഞ്ഞ മാലിന്യം അതതു വീടിനുമുന്നിൽ ശുചീകരണത്തൊഴിലാളികൾ തിരിച്ച് നിക്ഷേപിക്കുന്നതാണ് പുതിയ പദ്ധതി. വ്യാഴാഴ്ച്ച മാത്രം നിരന്തരം നിയമ ലംഘനം നടത്തുന്ന 200 പേരുടെ വീടിനു മുന്നിൽ മാലിന്യം തിരികെ എത്തി. കൃത്യമായ സംവിധാനം ഉണ്ടായിട്ടും തെരുവിൽ മാലിന്യം കൂടി വരുന്നതാണ് പുതിയ പ്രഹര നിലപാട് സ്വീകരിക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്. നിയമം അനുസരിക്കാത്തവർക്ക് ഇതായിരിക്കും മറുപടിയെന്ന് ശുചീകരണ ഏജൻസി വ്യക്തമാക്കുന്നു. 'കാസ സുരിസുവ ഹബ്ബ' (മാലിന്യ നിക്ഷേപ ഉത്സവം)' എന്നാണ് ബംഗളൂരു സോളിഡ് വേസ്‌റ്റ് മാനേജ്‌മെൻ്റ് ലിമിറ്റഡ് (ബി.എസ്.ഡബ്ല്യു.എം.എൽ) ഈ നടപടിക്ക് പേരിട്ടിരിക്കുന്നത്. ഒറ്റദിവസം കൊണ്ട് 218 പൗരന്മാർക്കെതിരെ നടപടി സ്വീകരിച്ചു. പിഴയായി ചുമത്തിയത് 2.80 ലക്ഷം രൂപയാണ്. തുടർച്ചയായി മാലിന്യം തള്ളുന്നതിനാലാണ് ഇത്തരമൊരു അസാധാരണ നടപടിയിലേക്ക് കടന്നതെന്ന് ബി.എസ്.ഡബ്ല്യു.എം.എല്ലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കരീ ഗൗഡ പറഞ്ഞു.
