മൂന്ന് മാസം ഷാര്‍ജ പോലീസ് മോർച്ചറിയിൽ; മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി

ഷാർജ: ഏറ്റുവാങ്ങാൻ ബന്ധപ്പെട്ടവരെത്താതിനാൽ ഷാർജ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മലയാളിയുടെ മൃതദേഹം ഒടുവിൽ നാട്ടിലേക്കയച്ചു. പത്തനംതിട്ട മല്ലപ്പുഴ സ്വദേശി ജിനു രാജ് (42) ൻ്റെ മൃതദേഹമാണ് നിയമ തടസ്സങ്ങൾ നീക്കി മൂന്ന് മാസങ്ങൾക്ക് ശേഷം നാട്ടിലെത്തിച്ചത്. മൃതദേഹം ഏറ്റുവാങ്ങാൻ അവകാശികളില്ലാത്തതിനാൽ ഷാർജ പൊതു ശ്മശാനത്തിൽ സംസ്കരിക്കാൻ അധികൃതർ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തിൽ റോഡിൽ കുഴഞ്ഞുവീണ ജിനുവിനെ ഷാർജയിലെ കുവൈത്ത് ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു.
ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ ഷാർജ പൊലീസ് പിടിയിലായി ജിനു ജയിലിലാണെന്നാണ് ബന്ധുക്കൾ ധരിച്ചിരുന്നത്. 

ജിനുവിൻ്റെ അമ്മ നേരത്തെ മരിച്ചിരുന്നു. നാട്ടിൽ അച്ഛനും സഹോദരിയുമാണുള്ളത്. യു.എ.ഇയിൽ ജോലി നഷ്ടപ്പെട്ട ജിനും റഷ്യയിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനായി മലയാളിയായ ഏജന്റിന് ലക്ഷങ്ങൾ കൊടുത്തുവെങ്കിലും വഞ്ചിക്കപ്പെടുകയായിരുന്നു. ഇതിൻ്റെ മനോവിഷമത്തിലായിരുന്നു ജിനുവെന്ന് ബന്ധുക്കൾ പറയുന്നു. ചൊവ്വാഴ്‌ച രാത്രി എയർഅറേബ്യ വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.