ദുബൈയിൽ ഇന്ത്യൻ മേള'എമിറേറ്റ്സ് ലവ്സ് ഇന്ത്യ'
ദുബൈയിൽ ഇന്ത്യൻ മേള
'എമിറേറ്റ്സ് ലവ്സ് ഇന്ത്യ'
ദുബൈ: ഇന്ത്യൻ സമൂഹത്തോടുള്ള യു.എ.ഇയുടെ ആദരവ് പ്രകടിപ്പിക്കാൻ സംഘടിപ്പിച്ച 'എമിറേറ്റ്സ് ലവ്സ് ഇന്ത്യ' ജന പങ്കാളിത്തത്തിൽ റിക്കാർഡിട്ട് യു.എ.ഇ ഇന്ത്യ സ്നേഹ സന്ധ്യയായി. ദീപാ വലി ആഘോഷങ്ങളുടെ സമാപനം കൂടിയായി പരിപാടി. ദുബൈയിലെ സബീൽ പാർക്ക് നിറഞ്ഞ് കവിഞ്ഞ ജനക്കൂട്ടമാണ് 'എമിറേറ്റ്സ് ലവ്സ് ഇന്ത്യ' പരിപാടിക്ക് എത്തിയത്.
ഏതാണ്ട് ഒരു ലക്ഷത്തിലധികം പേരെ പരിപാടി ആകർഷിച്ചതായാണ് കണക്കാക്കുന്നത്. അതുല്യമായ സാംസ്കാരിക, നാഗരിക, പൈതൃക ആഘോഷമായി പരിപാടി മാറി. യു.എ.ഇയിൽ ഇത്തരം ജനകീയ പരിപാടികളിൽ ഏറ്റവും മികച്ച സംഘാടനം കൂടിയായി. ഇന്ത്യൻ സമൂഹത്തോടൊപ്പം തനതായ സാംസ്കാരിക പൈതൃകം ആഘോഷിക്കുന്നതിൽ യു.എ.ഇ സഹ മന്ത്രി നൗറ അൽ കാബിയും പങ്ക് ചേർന്നത് ആവേശകരമായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കരകൗശല വസ്തുക്കൾ, കലാ രൂപങ്ങൾ, തനത് ഭക്ഷണ വിഭവങ്ങൾ തുടങ്ങി ഇന്ത്യയുടെ സംസ്കാരം പ്രതിഫലിപ്പിക്കുന്ന പ്രദർശനങ്ങളും ഒരുക്കിയിരുന്നു. ബോളിവുഡ് താരങ്ങളും മലയാളി ഗായകരും സംഗീത നിശ നയിച്ചു.
