ഗസ്സയിൽ വീണ്ടും ഇസ്രയേൽ ക്രൂരത

ഗസ്സ: പുനർ നിർമ്മാണ ശ്രമങ്ങൾക്കിടയിൽ വീണ്ടും ഗസ്സയിൽ ആയുധം വർഷിച്ച് ഇസ്രയേൽ ക്രൂരത. ബുധനാഴ്ച രാത്രി മധ്യ ഗസ്സയിൽ വ്യോമ അക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. മരണ സംഖ്യ 100 കടന്നതായും റിപ്പോർട്ടുണ്ട്.

പരിക്കേറ്റവരെ കൊണ്ട് ആശുപത്രികളിലേക്ക് ചീറിപായുന്ന ആംബുലൻസ് സൈറണുകളാൽ ഗസ്സ വീണ്ടും മുഖരിതമായി. ചോരയിൽ മുങ്ങിക്കുളിച്ചും അവയവങ്ങൾ തൂങ്ങിയാടിയും കുട്ടികളടക്കമുള്ളവരുമായി ആർത്തട്ടഹസിച്ച് ഓടുന്നവരുടെ കാഴ്ച വേദനാജനകമായി.
ഗസ്സ സിറ്റി ഷിഫ ആശുപത്രിയിലെ രംഗങ്ങൾ കരളലയിക്കുന്നതാണ്.

ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ ഗസ്സ സിറ്റിയിലെ മഹ്മൂദ് ഷാഷക്ക് അഞ്ച് വയസ്സുള്ള മകൻ ഫാദിയെയും എട്ട് വയസ്സുള്ള മകൾ സാറയെയും നഷ്ടമായി. ഇരുവരും ആശുപത്രിയിൽ എത്തും മുമ്പ് തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു. ഇങ്ങിനെ നിരവധി പേരുടെ വിലാപങ്ങളാണ് ഗസ്സയിലുയരുന്നത്. തകർന്ന് വീണ കെട്ടിടങ്ങൾക്കിടയിൽ ഉറ്റവരെ തെരയുന്നവർ, വേദന കൊണ്ട് ചുളിഞ്ഞ മുഖങ്ങൾ, കൊല്ലപ്പെട്ട കുട്ടികളെ ഷീറ്റുകളിൽ പൊതിഞ്ഞ് കാവലിരിക്കുന്നവർ.. ഹൃദയ ഭേദകമാണ് മധ്യ ഗസ്സയിലെ രംഗങ്ങൾ.