കാറിൽ സ്കൂട്ടർ ഉരസി; യുവാവിനെ പിന്തുടർന്ന് കാറിടിപ്പിച്ച് കൊന്നു
ബംഗളൂരു: കാറിൽ സ്‌കൂട്ടർ ഉരസിയതിലെ തർക്കം, ഡെലിവറി ബോയിയെ പിന്തുടർന്ന് കൊലപ്പെടുത്തി. കേസിൽ മലയാളി യുവാവും ഭാര്യയും പോലീസ് പിടിയിൽ.
കളരിപ്പയറ്റ് പരിശീലകനും മലയാളിയുമായ മനോജ് കുമാർ (32), ഭാര്യ ജമ്മു കശ്മീർ സ്വദേശിനി ആരതി ശർമ്മ (30) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഡെലിവറി ബോയിയായ ഉത്തരഹള്ളി സ്വദേശി ദർശനാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ 25 ന് പുട്ടേന ഹള്ളിയിലെ ജെ.പി നഗറിലായിരുന്നു സംഭവം. രാത്രി 9 മണിയോടെ നടരാജ ലേ ഔട്ടിൽ വച്ച് ദർശൻ്റെ സ്‌കൂട്ടർ മനോജിന്റെ കാറിൽ അബദ്ധത്തിൽ ഉരസി.
ദർശൻ പെട്ടെന്ന് തന്നെ ക്ഷമ പറഞ്ഞ് സ്‌കൂട്ടർ ഓടിച്ചു പോയി.
എന്നാൽ രോഷാകുലനായ മനോജ് രണ്ടുകിലോമീറ്ററോളം ദർശൻ്റെ സ്കൂട്ടർ പിന്തുടരുകയും പിന്നിൽ നിന്ന് കാർ ഇടിച്ചു കയറ്റുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ദർശനെയും പിൻ സീറ്റിലിരുന്ന സുഹൃത്ത് വരുണിനെയും എടുത്ത് നാട്ടുകാർ ആശുപത്രിയിലേക്ക് പുറപ്പെട്ടു. ആശുപത്രിയിൽ എത്തും മുമ്പേ ദർശൻ അന്ത്യ ശ്വാസം വലിച്ചു. അപകട സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കിയത്.
