കുട്ടികൾ വെള്ളത്തിൽ മുങ്ങി; രക്ഷകനായ യുവാവിന് അധികൃതരുടെ ആദരം

ഷാർജ: ഷാര്‍ജ മംസാർ ബീച്ചിൽ അബദ്ധത്തിൽ വെള്ളത്തിൽ മുങ്ങിപ്പോയ കുട്ടികളെ രക്ഷപ്പെടുത്താൻ സഹായിച്ച വ്യക്തിയെ ഷാർജ സിവിൽ ഡിഫൻസ് ആദരിച്ചു. കടൽ കരയിൽ വിനോദത്തിലേർപ്പെട്ട രണ്ട് പെൺ കുട്ടികളാണ് വെള്ളത്തിൽ വീണത്.

സംഭവത്തിന് ശേഷം ആരോഗ്യ നില മെച്ചപ്പെട്ട് വരുന്ന കുട്ടികളെ ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി ഡയറക്ടർ ജനറലും സംഘവും ആശുപത്രിയിൽ സന്ദർശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി. കടൽ തീരങ്ങളിൽ വിനോദങ്ങളിൽ ഏർപ്പെടുന്നവർ ജാഗ്രത പുലർത്തണമെന്നും സുരക്ഷ മാർഗ നിർദേശങ്ങൾ പാലിക്കണമെന്നും സിവിൽ ഡിഫൻസ് ഡിപ്പാർട്ട്മെൻറ് പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചു.

തീര ദേശത്തെ സുരക്ഷ വർധിപ്പിക്കുന്നതിനായി ബീച്ച് പട്രോളിങ് പോലീസ് ശക്തമാക്കി. വിദ്യാർഥികൾക്കായി പുതിയ വേനൽക്കാല പരിശീലന പരിപാടികളും നടത്തി. കുട്ടികൾക്ക് ലൈഫ് ഗാർഡിങിലും രക്ഷാപ്രവർത്തന ഉപകരണങ്ങളിലും പ്രായോഗിക അറിവ് ലഭിക്കുന്നതാണ് പരിശീലന പദ്ധതി.