ബീഹാർ തെരഞ്ഞെടുപ്പ്: ഇൻഡ്യ മുന്നണി പ്രകടന പത്രിക പുറത്തിറക്കി

പട്ന: കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി, വഖഫ് ബിൽ മരവിപ്പിക്കും.. ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ഇന്ത്യാ സഖ്യം. ഇന്നലെ പട്നയിൽ നടന്ന ചടങ്ങിലാണ് പ്രകടന പത്രികയായ 'തേജസ്വി പ്രതിജ്‌ഞാ പ്രാൺ' ആർ.ജെ.ഡി, കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പ്രകാശനം ചെയ്തത്.

മുഖ്യമന്ത്രി സ്ഥാനാർഥിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ്, കോൺഗ്രസ് നേതാവ് പവൻ ഖേര, വികാസ് ശീൽ ഇൻസാൻ പാർട്ടി (വി.ഐ.പി) തലവൻ മുകേഷ് സഹാനി, സി.പി.ഐ (എംഎൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ എന്നിവരും പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

സർക്കാർ രൂപീകരിച്ച് 20 ദിവസത്തിനുള്ളിൽ സംസ്‌ഥാനത്തെ ഓരോ കുടുംബത്തിലെയും ഒരാൾക്ക് വീതം സർക്കാർ ജോലി നൽകുന്ന നിയമം പാസാക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനം. 'മയി-ബെഹിൻ മാൻ യോജന' പ്രകാരം, ഡിസംബർ ഒന്ന് മുതൽ അടുത്ത അഞ്ചു വർഷത്തേക്ക് സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം ലഭ്യമാക്കുമെന്നും പ്രകടന പത്രികയിൽ ഇന്ത്യാ സഖ്യം ഉറപ്പു നൽകുന്നു. വഖഫ് (ഭേദഗതി) ബിൽ നിർത്തിവയ്ക്കുമെന്നും വഖഫ് സ്വത്തുക്കളുടെ നടത്തിപ്പ് സുതാര്യമാക്കുമെന്നും വാഗ്ദാനമുണ്ട്.