പൊതുയിടങ്ങളിൽ ഉപേക്ഷിച്ച വാഹനങ്ങൾ; അബുദാബി നടപടി കർശനമാക്കുന്നു

അബുദാബി: പൊതുയിടങ്ങളിൽ ദീർഘകാലമായി ഉപേക്ഷിച്ചിരിക്കുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അബുദാബി ഗതാഗത വകുപ്പ്. പാർക്കിംഗ് ഏരിയകളിലും റോഡ് സൈഡുകളിലുമെല്ലാം പൊടി പിടിച്ച് കിടക്കുന്ന വാഹനങ്ങൾ നഗര സൗന്ദര്യത്തെയും ഗതാഗത സുരക്ഷയെയും ബാധിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

നിശ്ചിത സമയപരിധിക്കുള്ളിൽ ഉടമകൾ വാഹനങ്ങൾ നീക്കം ചെയ്യാത്ത പക്ഷം, അവ പിടിച്ചെടുത്ത് ഉടമക്കെതിരെ പിഴയും നിയമ നടപടികളും സ്വീകരിക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. നഗര സൗന്ദര്യവും വൃത്തിയും വെടിപ്പും നിലനിർത്താനാണ് ഇത്തരം നടപടികൾ.
എമിറേറ്റിലെ റെസിഡൻഷ്യൽ, വ്യാപാര, വ്യവസായ മേഖലകളിൽ നൂറുകണക്കിന് ചെറു വാഹനങ്ങൾ പൊടിപിടിച്ചു കിടക്കുന്നതായി ഗതാഗത വകുപ്പ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതിൽ പലതും മാസങ്ങളായി പാർക്കിങ്ങ് സ്ഥലത്ത് നിന്നും നീക്കാത്തവയാണ്. ഇത് കാരണം പൊടിപടലങ്ങൾ മൂടി കിടക്കുന്ന വാഹനങ്ങൾ നഗര സൗന്ദര്യത്തെ മോശമായി ബാധിക്കാനും, സഞ്ചാരികളിൽ തെറ്റായ സന്ദേശം ജനിപ്പിക്കാനും ഇടയാക്കുന്നു.