കാലപ്പഴക്കം ചെന്ന ഗതാഗത പിഴകൾ ഷാർജ പോലീസ് എഴുതി തള്ളുന്നു
ഷാര്‍ജ: പത്ത് വർഷത്തിലധികം പഴക്കമുള്ള ട്രാഫിക് പിഴകൾ എഴുതി തള്ളുമെന്ന പ്രഖ്യാപനവുമായി ഷാർജ പോലീസ്. ഇതിനകം ഇത്തരം 7000 കേസുകളിലെ പിഴകൾ എഴുതി തള്ളിയതായും 284 പേർക്ക് ഇതിൻറെ പ്രയോജനം ലഭിച്ചതായും ഷാർജ പോലീസ് അറിയിച്ചു.
ഷാര്‍ജ ട്രാഫിക് പോലീസ് ലൈസൻസിങ് കേന്ദ്രത്തിൽ പിഴ റദ്ദാക്കാനുള്ള അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫീസ് 1000 ദിർഹം അടക്കണം. മരണപ്പെട്ട വാഹന ഉടമകളുടെയും പത്ത് വർഷത്തിലധികമായി യു.എ.ഇക്ക് പുറത്ത് കഴിയുന്ന വാഹന ഉടമകളുടെയും ഇത്തരം കേസുകൾക്ക് അപേക്ഷ ഫീസും നൽകേണ്ടതില്ല. ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ ഉപേക്ഷിക്കുകയോ, നഷ്ടപ്പെടുകയോ ചെയ്ത വാഹനങ്ങൾക്കും ഗതാതഗ പിഴ ഒഴിവാക്കാൻ അപേക്ഷ ഫീസ് ബാധകമല്ല. കാലങ്ങളായി തീരുമാനമാകാതെ കിടന്ന ആയിരക്കണക്കിന് കേസുകൾക്കാണ് ഈ പ്രഖ്യാപനത്തിലൂടെ പരിഹാരമാവുക. ഷാര്‍ജ പോലീസിൻറെ തീരുമാനം മലയാളികൾ ഉൾപ്പെടെ നൂറുക്കണക്കിന് ഇന്ത്യക്കാർക്കും ഗുണം ചെയ്യും.
