ബംബർ 'ബൊല്ല'

അബുദാബി: ടിക്കറ്റ് നംബർ 251018. മഹാ ഭാഗ്യം കൊണ്ട് വന്ന അത്ഭുത നമ്പർ. ഭാഗ്യവാനായ ഇന്ത്യക്കാരൻ്റെ ചിത്രം യു.എ.ഇ ലോട്ടറി അധികൃതർ പുറത്തുവിട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനമായ 10 കോടി ദിർഹം (ഏകദേശം 220 കോടി രൂപ) നേടിയ ഭാഗ്യശാലിയുടെ പൂർണവിവരമാണ് ഒരാഴ്ചയിലേറെ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പുറത്തുവിട്ടത്.

അബുദാബിയിൽ താമസിക്കുന്ന ആന്ധ്രപ്രദേശ് സ്വദേശിയായ അനിൽ കുമാർ ബൊല്ല (29) എന്ന ഇന്ത്യൻ പ്രവാസിയാണ് വിജയി. ഈ മാസം 18ന് നടന്ന യു.എ.ഇ ലോട്ടറിയുടെ 23-ാമത് ലക്കി ഡേ നറുക്കെടുപ്പിലാണ് അനിൽകുമാർ ബൊല്ല ചരിത്ര വിജയം നേടിയത്.

'എനിക്കൊരു സൂപ്പർ കാർ വാങ്ങണം, സെവൻ സ്റ്റാർ ഹോട്ടലിൽ കുറച്ചു ദിവസം ആഡംബരമായി ജീവിക്കണം, കുടുംബത്തെ സുവർണ്ണ ഭാഗ്യം സമ്മാനിച്ച യു.എ.ഇയിലേക്ക് കൊണ്ടു വരണം..' ഇതൊക്കെയാണ് ബംബർ ബൊല്ലയുടെ ആദ്യ പ്രതികരണത്തിലെ ആഗ്രഹങ്ങൾ. ശേഷം സമാധാനപൂർവ്വം ആലോചിച്ച് ഭാവി കാര്യങ്ങൾ തീരുമാനിക്കും. ഏറെ പ്രതീക്ഷയോട ആയിരങ്ങളാണ് യു.എ.ഇ ലോട്ടറി ഫലമറിയാൻ കാത്തിരുന്നത്.

ഒന്നിച്ച് 12 ടിക്കറ്റുകളാണ് ഭാഗ്യം പരീക്ഷിക്കാന്‍ അനില്‍കുമാര്‍ എടുത്തത്. എല്ലാ ടിക്കറ്റ് നമ്പരിലും ഒരു പ്രത്യേകതയുണ്ടായിരുന്നു. അമ്മയുടെ ജന്മ മാസമാണ് നവംബര്‍. ടിക്കറ്റിലെല്ലാം പതിനൊന്ന് ഉണ്ടാകാന്‍ അനില്‍കുമാര്‍ ശ്രദ്ധിച്ചിരുന്നു. ആ തീരുമാനം വെറുതേയായില്ല, അമ്മയുടെ ജന്മ ദിനം മകന് മഹാ ഭാഗ്യം കൊണ്ട് വന്നു.