മോദിക്കായി വീണ്ടും വ്യാജൻ; മുങ്ങി നിവരാൻ 'കൃതൃമ യമുന'
മോദിക്കായി വീണ്ടും വ്യാജൻ
മുങ്ങിനിവരാൻ 'കൃതൃമ യമുന'
ഡൽഹി: വാസുദേവ് ഘാട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഛഠ് പൂജ നടത്താനിരിക്കെ, പരിപാടിക്കായി യമുന നദിയിൽ നിന്ന് വേർതിരിച്ച് കൃത്രിമവും വ്യാജവുമായ ഘാട്ട് നിർമ്മിച്ചതായി ഗുരുതര ആരോപണം. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറി വോട്ടർമാരെ ആകർഷിക്കാൻ പ്രധാനമന്ത്രി നടത്തുന്ന ഈ ചടങ്ങിന് യമുനയിലെ വെള്ളമല്ല ഉപയോഗിക്കുന്നതെന്നും പകരം ഫിൽട്ടർ ചെയ്‌ത ഗംഗാ നദിയിലെ കുടിവെള്ളമാണ് ഉപയോഗിക്കുന്നതെന്നുമാണ് റിപ്പോർട്ട്.
യമുന നദിയെ ദർശിക്കാനോ നദിയിൽ ഇറങ്ങാനോ വേണ്ടിയാണ് വാസുദേവ് ഘാട്ട് സ്ഥാപിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാസുദേവ് ഘാട്ടിനെ യമുനാ നദിയിൽ നിന്ന് മണ്ണ് ഉപയോഗിച്ച് ഒരു അതിർത്തി കെട്ടി വേർതിരിച്ചിട്ടുണ്ട്. ഈ വ്യാജ ഘാട്ടിനുള്ളിലേക്ക് വെള്ളം എത്തിക്കുന്നതിനായി, സോണിയ വിഹാറിൽ നിന്ന് വരുന്ന, ഫിൽട്ടർ ചെയ്‌ത് കുടിക്കാൻ യോഗ്യമാക്കിയ ഗംഗാ ജലത്തിന്റെ പ്രധാന പൈപ്പ് ലൈൻ രഹസ്യമായി മുറിച്ച് ഇവിടെ ബന്ധിപ്പിച്ചു. ഈ രീതിയിൽ, യമുനയുടേതല്ലാത്ത, ശുദ്ധീകരിച്ച ഗംഗാജലം ഉപയോഗിച്ച് ഒരു ചെറിയ കൃത്രിമ ഘാട്ട് സൃഷ്ടിച്ചിരിക്കുകയാണ്.
