ഹല കാസ്രോഡ്: സ്വപ്ന നഗരിയിൽ വിസ്മയ സംഗമം, വൻ ജന പങ്കാളിത്തം
ദുബൈ: പ്രവാസി മലയാളികളുടെ സ്വപ്ന ഭൂമിയായ ദുബൈ നഗരത്തിൽ ആഘോഷത്തിൻറെ വിസ്മയ ദിനമൊരുക്കി ദുബൈ കെ.എം.സി.സി കാസർക്കോഡ് ജില്ല കമ്മിറ്റി. ഇത്തിസലാത്ത് അക്കാദമയിൽ ഒരുക്കിയ 'ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ്' വർണ്ണാഭമായി, വൻ ജന പങ്കാളിത്തം, സംഘാടക മികവിന് സല്യൂട്ട് പറഞ്ഞ് നേതാക്കൾ.
ദുബൈയിൽ കാസർക്കോഡൻ പെരുമ അലയടിച്ച അനുഭവമായി ഹല കാസ്രോഡ്. പരിപാടി കാസർക്കോഡ് ജില്ലക്കാരുടെ ആഗോള സംഗമവും, ജില്ലയുടെ സാംസ്കാരിക തനിമയും, പ്രവാസി കൂട്ടായ്മയുടെ ശക്തിയും, കാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയും വിളിച്ചോതുന്നതുമായി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഹല കാസ്രോഡ് ഗ്രാൻറ് ഫിനാലെ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി. നടത്തുന്നത് തുല്യതയില്ലാത്ത കാരുണ്യ സേവനങ്ങളാണെന്നും, അത് മറ്റാർക്കും അത്ര ലളിതമായി അനുകരിക്കാൻ സാധിക്കുന്നതല്ലെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിൽ പ്രമുഖ വ്യക്തികളെ ആദരിച്ചു. വ്യവസായ പ്രമുഖനും സാമൂഹ്യ പ്രവർത്തകനുമായ ഖാദർ തെരുവത്തിന് ലെഗസി ലെജൻഡ് അവാർഡ് ലുലു ഗ്രൂപ്പ് ചെയർമാൻ പത്മശ്രീ എം.എ യൂസഫലി സമ്മാനിച്ചു. പ്രമുഖ വ്യവസായിയും യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി ചെയർമാനുമായ ശംസുദ്ധീൻ ബിൻ മുഹ്യദ്ധീന് യൂണിറ്റി അംബാസഡർ അവാർഡും, വ്യവസായിയും ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറിയുമായ യഹ്‌യ തളങ്കരയ്ക്ക് ഹ്യുമാനിറ്റി ക്രൗൺ അവാർഡും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മാനിച്ചു.
എം.എ യൂസഫലി മുഖ്യാതിഥിയായി. കാരുണ്യത്തിന്റെ പര്യായ പദമാണ് കെ.എം.സി.സിയെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരിയുടെ കാലത്ത് കാസർക്കോഡ് ജില്ല കെ.എം.സി.സി. തുടങ്ങിയ മാതൃകാപരമായ പ്രവർത്തനങ്ങൾ പിന്നീട് ലോകം ഏറ്റെടുത്തുവെന്നും, പ്രതിസന്ധി ഘട്ടങ്ങളിൽ ഈ കൂട്ടായ്മയുടെ ശക്തി വലുതാണെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ കെ.എം.സി.സി. കാസർക്കോഡ് ജില്ല പ്രസിഡന്റ് സലാം കന്യാപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്ര. ഹനീഫ് ടി.ആർ. സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, സംസ്ഥാന മുസ്ലിം ലീഗ് ജന. സെക്രട്ടറി അഡ്വ. പി.എം.എ സലാം, രാജ് മോഹൻ ഉണ്ണിത്താൻ എം.പി, അഡ്വ. ഹാരിസ് ബീരാൻ എം.പി, കാസർക്കോഡ് ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, ജന. സെക്രട്ടറി എ അബദുൽ റഹിമാൻ, ട്രഷറർ പി. എം മുനീർ ഹാജി, എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, കെ.എം.സി.സി നേതാക്കളായ പുത്തൂർ റഹ്‌മാൻ, നിസാർ തളങ്കര, ഡോ. അൻവർ അമീൻ, അബ്ദുല്ല ആറങ്ങാടി, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, കരീം സിറ്റി ഗോൾഡ്, ലത്തീഫ് ഉപ്പള ഗേറ്റ്, പി.എ സൽമാൻ ഇബ്രാഹിം, ഡോ. അബൂബക്കർ കുറ്റികോൽ, ഷാഫി നാലപ്പാട്, ബഷീർ കിന്നിങ്കർ പ്രസംഗിച്ചു ട്രഷറർ ഡോ. ഇസ്മയിൽ നന്ദി പറഞ്ഞു.
