കുമ്പള പ്ലൈവുഡ് ഫാക്ടറിയിൽ സ്ഫോടനം; രണ്ട് മരണം
കാസർക്കോഡ്: കുമ്പള അനന്തപുരി വ്യവസായ കേന്ദ്രത്തിൽ അപകടം; പ്ലൈവുഡ് ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് ഗുരുതര പരിക്ക്. തിങ്കളാഴ്ച വൈകിട്ട് ഏഴര മണിയോടെയാണ് സംഭവം.
സ്ഫോടനത്തിൽ ഫാക്ടറിയുടെ മിക്ക ഭാഗങ്ങളും കത്തി നശിച്ചു. അസംസ്കൃത വസ്തുക്കളുടെ വൻ ശേഖരം അഗ്നി വിഴുങ്ങി.
ഗുരുതരമായി പരിക്കേറ്റ തൊഴിലാളികളെ ഉടൻ വിവിധ ആസ്പത്രികളിലേക്ക് എത്തിച്ചു. അപകട കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. സംഭവമറിഞ്ഞ് പരിസരത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടി.
20ൽ അധികം തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റതായി അറിയുന്നു. എറണാകുളം പെരുമ്പാവൂർ സ്വദേശി പോളിയുടെ ഉടമസ്ഥതയിലുള്ള 'ഡെക്കോർ പാനൽ ഇൻഡസ്ട്രീസ്' ഫാക്ടറിയിലാണ് ദുരന്തമുണ്ടായത്. സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തിയ പോലീസ്, അഗ്നി ശമന സേന ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി വരുന്നു. പരിസര പ്രദേശങ്ങളിലും സ്ഫോടനത്തിൻറെ പ്രതിഫലനം അനുഭവപ്പട്ടതായി സമീപവാസികൾ പറഞ്ഞു
