സി.എച്ച് അനുസ്മരണ വേദിയിൽ മുസ്ലിം ലീഗ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു

സി.എച്ച് അനുസ്മരണ വേദിയിൽ മുസ്ലിം ലീഗ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു
വർക്കല: സി.എച്ച് മുഹമ്മദ് കോയ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറിയും മുസ്ലിം ലീഗ് നേതാവുമായ എ ഹാമിദാണ് വേദിയിൽ കുഴഞ്ഞുവീണ് മരിച്ചത്. ഇടവ ജവഹർ പബ്ലിക് സ്കൂളിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.

വർഷം തോറും നടത്തിവരുന്ന സി.എച്ച് അനുസ്‌മരണ പരിപാടിക്കും വിദ്യാഭ്യാസ അവാർഡ് സമ്മാനിക്കലിനുമായാണ് ജവഹർ സ്കൂളിൽ വേദിയൊരുക്കിയത്. സമ്മേളനം ആരംഭിക്കുന്നതുവരെ മുഖ്യ സംഘാടകനായി സജീവമായി നിന്ന ഹാമിദ് പെട്ടെന്ന് കുഴഞ്ഞുവീണതും തുടർന്ന് മരണപ്പെട്ടതും വേദിയിലും സദസ്സിലുമുണ്ടായിരുന്നവരിൽ നോവ് പടർത്തി. പരിപാടിയിൽ സ്വാഗത പ്രാസംഗികനായിരുന്നു ഹാമിദ്. സമ്മേളനത്തിന് മുന്നോടിയായി പ്രാർത്ഥന നടക്കുന്നതിനിടെയാണ് ഹാമിദ് കസേരയിലേക്ക് ചരിഞ്ഞത്. ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹാമിദ് കുഴഞ്ഞുവീണതോടെ സമ്മേളനം പെട്ടെന്ന് അവസാനിപ്പിച്ചു. ജനീവയാണ് ഭാര്യ, മക്കൾ: വിനോധ്, സനോജ്. ഖബറടക്കം നാളെ രാവിലെ 10 മണിക്ക് ഇടവ മുസ്ല‌ിം ജമാഅത്ത് ഖബർസ്ഥാനിൽ.