മംസാർ തീരത്ത് ഓണാരവം ആർപ്പ് വിളികളോടെ പതിനായിരങ്ങൾഇന്ത്യൻ അസോസിയേഷൻ ഷാര്‍ജ ഓണാഘോഷത്തിൽ റിക്കാർഡ് ജന പങ്കാളിത്തം

മംസാർ തീരത്ത് ഓണാരവം 
ആർപ്പ് വിളികളോടെ പതിനായിരങ്ങൾ
ഇന്ത്യൻ അസോസിയേഷൻ ഷാര്‍ജ ഓണാഘോഷത്തിൽ റിക്കാർഡ് ജന പങ്കാളിത്തം
ഷാർജ: വൈവിധ്യമാർന്ന പരിപാടികളോടെ ഇന്ത്യൻ അസോസിയേഷൻ ഷാര്‍ജ ഓണാഘോഷം. ഏതാണ്ട് മുപ്പതിനായിരത്തോളം പേർക്കാണ് ഇന്നലെ ഷാർജ മംസാർ തീരത്തെ എക്സ്പോ സെൻററിൽ നടന്ന പരിപാടിയിൽ ഓണ സദ്യ വിളമ്പിയത്. കേരളത്തിൻറെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും ഉയർത്തിപ്പിടിച്ച് അരങ്ങേറിയ ഓണാഘോഷം യു.എ.ഇയിലെ മികച്ച ഓണാഘോഷ പരിപാടികളിൽ ഒന്നാമതായി മാറി.

രാവിലെ 9 മണിക്ക് ആഘോഷങ്ങൾക്ക് തുടക്കമായി. ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ ഉച്ചക്ക് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്‌തു. ഇന്ത്യൻ അസോസിയേഷൻ ഷാര്‍ജ പ്രസിഡൻറ് നിസാർ തളങ്കര അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് മുഖ്യാതിഥിയായി. സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും ഓണാഘോഷത്തിൽ, രാവിലെ 11 മണി മുതൽ ഓണ സദ്യ വിളമ്പി. കേരളത്തിന്റെ തനത് കലാരൂപങ്ങൾ പ്രദർശിപ്പിച്ച് വിപുലമായ സാംസ്‌കാരിക ഘോഷയാത്ര അരങ്ങേറി. ആന, പഞ്ചാരി മേളം, ശിങ്കാരിമേളം, കഥകളി, പുലികളി തെയ്യം, കളരിപ്പയറ്റ്, തുടങ്ങി നിരവധി കലാരൂപങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള ഘോഷയാത്ര ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി. അൽ-ഇബ്‌തിസാമ സ്പെഷ്യൽ നീഡ് സ്‌കൂളിലെ കുട്ടികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും അതു നൽകിയ സന്ദേശവും കാണികളുടെ പ്രശംസ നേടി.

ആഘോഷങ്ങളുടെ ഭാഗമായി വിവിധ എമിറേറ്റുകളിലെ അസോസിയേഷനുകളിൽ നിന്നുള്ളവർ പങ്കെടുത്ത പൂക്കള മത്സരം ആവേശകരമായി. മാസ് ഷാർജക്കാണ് പൂക്കള മത്സരത്തിൽ ഒന്നാം സമ്മാനം. എമിറേറ്റ്സ് മലയാളി അസോസിയേഷൻ, യുവകലാസാഹിതി എന്നീ സംഘടനകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി

അൽ ഇബ്‌തിസാമ സ്പെഷൽ നീഡ് സ്‌കൂളിലെ കുട്ടികളുടെ സഹായത്തോടെ തയ്യാറാക്കിയ കലാസൃഷ്ടികളുടെയും,
ഉൽപന്നങ്ങളുടെയും സ്റ്റാൾ ജനങ്ങളെ ആകർഷിച്ചു. പ്രശസ്‌ത ബാൻഡായ പ്രൊജക്റ്റ് മലബാരിക്കസ് അവതരിപ്പിച്ച സംഗീത വിരുന്ന്‌ കാണികൾക്ക് ആവേശമായി. വിവിധ സംഘടനകളുടെയും ഷാർജ ഇന്ത്യൻ സ്‌കൂളുകളിലെ കുട്ടികളുടെയും നൃത്തപരിപാടികളും കലാവിരുന്നുകളും ആഘോഷങ്ങൾക്ക് മാറ്റ്‌ കൂട്ടി്.

പൊതുസമ്മേളനത്തിൽ വെച്ച് അസോസിയേഷന്റെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച മുൻ പ്രസിഡന്റുമാരെ ആദരിച്ചു. അസോസിയേഷന്റെ ചരിത്രവഴികൾ പറയുന്ന, പ്രവർത്തകരുടെയും, ഭാരവാഹികളുടെയും ഓർമ്മച്ചെപ്പുകളും കോറിയിട്ട അസോസിയേഷൻ സോവനീർ പ്രകാശനവും, ഷാർജ ഇന്ത്യൻ സ്‌കൂളുകളിൽ നവീന സാങ്കേതിക വിദ്യകളിലൂടെ പഠനം എന്ന തത്വത്തിൽ ഊന്നിയ 'എജ്യൂബ്രിസ്‌ക്' എന്ന സവിശേഷമായ ലേർണിംഗ് പ്ലാറ്റ് ഫോമിന്റെ ഔദ്യോഗിക ലോഞ്ചിങും നടന്നു. ജനറൽ സെക്രട്ടറി ശ്രീപ്രകാശ് സ്വാഗതവും, ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു.