ഷാർജയിൽ വ്യവസായ, വ്യാപാര, പാർപ്പിട മേഖലകളിൽ വ്യാപക സുരക്ഷ പരിശോധന

ഷാർജ: എമിറേറ്റിൽ സിവിൽ ഡിഫൻസ് അതോറിറ്റി വ്യാപക പരിശോധന ആരംഭിച്ചു. സുരക്ഷ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തലും തീപിടുത്തവുമായി ബന്ധപ്പെട്ട സംഭവങ്ങൾ തടയലുമാണ് ലക്ഷ്യം.

കഴിഞ്ഞ ദിവസങ്ങളിൽ
ഷാർജയിലെ വ്യാവസായ, വാണിജ്യ മേഖലകളിലും റെസിഡൻഷ്യൽ കെട്ടിടങ്ങളിലും ടവറുകളിലും പരിശോധന നടന്നു. നിലവിലെ ഫീൽഡ് പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധന സംഘങ്ങൾ വെയർഹൗസുകൾ, അറ്റകുറ്റപ്പണി വർക്ക്ഷോപ്പുകൾ, വാണിജ്യ സംഭരണ സൗകര്യങ്ങൾ തുടങ്ങിവയിൽ മിന്നൽ പരിശോധനക്കെത്തുന്നു. 

അഗ്നി പ്രതിരോധ സാമഗ്രികൾ, അലാറം സംവിധാനങ്ങളുടെ കാര്യക്ഷമത, വൈദ്യുത സുരക്ഷ, തീ പിടുത്ത സാധ്യതകളുള്ള വസ്തുക്കളുടെ ശരിയായ സംഭരണം എന്നിവയാണ് പ്രധാനമായും പരിശോധനക്ക് വിധേയമാക്കുന്നത്. സുരക്ഷ സംബന്ധിച്ച അവബോധവും പരിശോധന ലക്ഷ്യമാണ്.
സുരക്ഷക്ക് തൊഴിലാളികളുടെയും, ബിസിനസ്സ് ഉടമകളുടെയും, പൊതു സമൂഹത്തിന്റെ്റെയും അവബോധവും സജീവ പങ്കാളിത്തവും ആവശ്യമാണ്. സുരക്ഷയിലും പ്രതിരോധത്തിലും ഷാർജയെ ഒരു മാതൃക നഗരമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി ഡയറകർ ജനറൽ ബ്രിഗേഡിയർ യൂസഫ് ഉബൈദ് ബിൻ ഹർമൗൾ അൽ ഷംസി പറഞ്ഞു.