ദുബൈ വീണ്ടും വിസ്മയിപ്പിക്കുന്നു; വരുന്നു, ഒഴുകും മ്യൂസിയം

ദുബൈ: ദുബൈ ക്രീക്കിൻ്റെ വിശാലമായ കാഴ്ചകൾ നൽകുന്ന മനോഹരമായ ദൃശ്യ പോയിന്റുകളും വിസ്മയ വിവരങ്ങളുമായി ഒഴുകും മ്യൂസിയം ഒരുക്കുന്നു. ലോകമെമ്പാടുമുള്ള കലാകാരന്മാരുടെ അറിവ് പങ്ക് വെക്കലും സർഗാത്മകതയെ പ്രോൽസാഹിപ്പിക്കലും ഒഴുകും മ്യൂസിയത്തിൻറെ ലക്ഷ്യമാണ്.

പ്രദർശനങ്ങൾ, പരിപാടികൾ, വിദ്യാഭ്യാസ സംരംഭങ്ങൾ എന്നിവയിലൂടെ, മ്യൂസിയം നഗരത്തിലെ കലാരംഗത്തിന് ഒരു പുതിയ വഴികാട്ടിയായി വർത്തിക്കും. ലോകമെമ്പാടുമുള്ള കലാകാരന്മാർക്ക് ആശയങ്ങൾ പങ്കിടാനും അറിവ് കൈമാറാനും സർഗ്ഗാത്മകത ആഘോഷിക്കാനുമുള്ള ഒരു വേദിയായി മാറുകയും ചെയ്യും. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിൽ ഒഴുകും മ്യൂസിയത്തിൻറെ രൂപകൽപ്പന അനാച്ഛാദനം ചെയ്തു. ദുബൈ മ്യൂസിയം ഓഫ് ആർട്ടിൻറെ നേതൃത്വത്തിൽ ദുബൈ ക്രീക്കിലെ ജലപ്പരപ്പിൽ അൽ-ഫുത്തൈം ഗ്രൂപ്പ് വികസിപ്പിക്കുന്ന ഒരു ദർശനാത്മക പദ്ധതിയാണിത്. ലോക പ്രശസ്ത ജാപ്പനീസ് വാസ്തു ശില്പിയായ ടഡാവോ ആൻഡോയുടേതാണ് രൂപകൽപ്പന.