പാലക്കാട് കാറിൽ ഒളിപ്പിച്ച് കൊണ്ടുവന്ന 1.3 കോടി രൂപ പിടികൂടി

പാലക്കാട്: പാലക്കാട് വേലന്താളത്ത് രേഖകളില്ലാതെ കാറിൽ കൊണ്ടു വരികയായിരുന്ന ഒരു കോടി മുപ്പത് ലക്ഷം രൂപ പൊലീസ് പിടികൂടി.  കാറിലുണ്ടായിരുന്ന രാമപുരം സ്വദേശി എസ്. സുഫിയാനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ലഹരി വസ്തുക്കൾ കൊണ്ടു വരുന്നത്  സംശയിച്ചാണ് പൊലീസ് വാഹനം പരിശോധനക്ക് വിധേയമാക്കിയത്. തുടർന്ന് കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിൽ പണം കണ്ടെത്തുകയായിരുന്നു.
പാലക്കാട് ജില്ല ലഹരിവിരുദ്ധ സ്ക്വാഡും കൊഴിഞ്ഞാമ്പാറ പൊലീസും ചേർന്നാണ് ഇന്ന് രാവിലെ വേലന്താളത്ത് പരിശോധന നടത്തിയത്. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന പണമാണിത് എന്നാണ് പൊലീസ് സംശയിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് സുഫിയാനെ പോലീസ് ചോദ്യം ചെയ്തു വരുന്നു.  പണത്തിൻ്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.