മയക്കുമരുന്ന് വിരുദ്ധ പോരാട്ടം കടുപ്പിച്ച് യുഎഇ

ദുബൈ: മയക്കുമരുന്ന് വിരുദ്ധ പോരാട്ടം ശക്തമാക്കി യുഎഇ. മയക്കുമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും പ്രോത്സാഹിപ്പിച്ച 2,297 വെബ്സൈറ്റുകളും സാമൂഹിക മാധ്യമ അക്കൗണ്ടുകളും അധികൃതർ കണ്ടെത്തി നിരോധിച്ചു. യുഎഇ ഗവൺമെന്റ് വാർഷിക യോഗത്തിൽ 'മയക്കു മരുന്നിനെതിരായ ദേശീയ മുന്നേറ്റം' എന്ന പ്രമേയത്തിൽ സംസാരിക്കവേ നാഷണൽ ആന്റ്റി-നാർക്കോട്ടിക്‌സ് അതോറിറ്റി ചെയർമാൻ ശൈഖ് സായിദ് ബിൻ ഹമദ് അൽ നഹിയാൻ വിവരങ്ങൾ വെളിപ്പെടുത്തിയത്. അതോറിറ്റിയുടെ തന്ത്രത്തിന്റെ ഭാഗമായി, മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഒരു പ്രത്യേക ഹോട്ട്ലൈൻ ഉടൻ ആരംഭിക്കും. വിവരദാതാക്കൾക്ക് പൂർണമായ രഹസ്യസ്വഭാവം ഉറപ്പാക്കുകയും അറസ്റ്റുകളിലേക്കോ കള്ളക്കടത്ത് തടയുന്നതിലേക്കോ നയിക്കുന്ന വിവരങ്ങൾക്ക് സാമ്പത്തിക പ്രതിഫലം നൽകുകയും ചെയ്യും. 

ഹൈസ്‌കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് സ്കൂൾ പാഠ്യപദ്ധതിയിൽ 'സുരക്ഷയും സംരക്ഷണവും' എന്ന പുതിയ വിഷയം ഉൾപ്പെടുത്തിയതടക്കം ലഹരിക്കെതിരെ അവബോധവും പ്രതിരോധവും ശക്തിപ്പെടുത്തുന്നതിനായി അതോറിറ്റി ചെയർമാൻ പുതിയ സംരംഭങ്ങളും പ്രഖ്യാപിച്ചു.