2026 യുഎഇക്ക് കുടുംബ വര്‍ഷം


 

അബുദാബി: ഇമാറാത്തി കുടുംബങ്ങളുടെ വളർച്ചക്ക് വിപുല പദ്ധതികളുമായി യുഎഇ. ദേശീയ അജണ്ടയുടെ പ്രധാന ഭാഗമായ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ 2026 വര്‍ഷത്തെ 'കുടുംബ വർഷം' ആയി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ പ്രഖ്യാപിച്ചു.
 കുടുംബ ഐക്യവും കുടുംബാംഗങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന ശക്തമായ കുടുംബ ബന്ധങ്ങളും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം എടുത്തു കാട്ടും വരും വര്‍ഷം. യുഎഇ പൗരന്മാരുടെയും താമസക്കാരുടെയും അവബോധം ഏകീകരിക്കുന്നതിനൊപ്പം, ശക്തവും സമ്പന്നവുമായ ഒരു സമൂഹത്തിന്റെ അടിസ്ഥാന സ്തംഭമായി 2026 വര്‍ഷ പരിപാടികള്‍ മാറും. എമിറേറ്റുകളിലെ സമൂഹത്തിന്റെ സവിശേഷതയായ സഹകരണം, ആശയവിനിമയം, യഥാർത്ഥ ഐക്യം എന്നിവയുടെ മൂല്യങ്ങൾ വളർത്തി എടുക്കുന്നതിനും അത് സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനുമായി ഭാവി തലമുറകൾക്ക് കൈമാറുന്നതിലും അത് പങ്ക് വഹിക്കും 

യുഎഇ വാർഷിക യോഗം ഇന്നലെ അബുദാബിയില്‍ നടന്നു. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു. ഫെഡറൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെയായിരുന്നു യോഗം. 'കുടുംബ വളർച്ചക്കുള്ള ദേശീയ അജണ്ട 2031' ഇതായിരുന്നു പ്രധാന അജണ്ട.