പുസ്തകോത്സവത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ സ്റ്റാൾ ഉദ്ഘാടനം ചെയ്തു

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ സ്റ്റാൾ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് സ്വാഗതവും ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു.

മറ്റെല്ലാ പ്രവർത്തനരംഗത്തുമെന്നതുപോലെ ഷാർജ ഇന്ത്യൻ അസോസിയേഷന്റെ സാംസ്കാരിക രംഗത്തെയും ഇടപെടലുകൾ അങ്ങേയറ്റം ശ്ലാഘനീയമാണ് എന്ന് കോൺസൽ ജനറൽ പറഞ്ഞു. വ്യത്യസ്തവും സമയോചിതവുമായ ഇടപെടലുകൾ സമൂഹത്തിൽ നടത്തുന്നതിൽ ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ശ്രമങ്ങൾ അഭിനന്ദനാർഹമാണ്, അദ്ദേഹം പറഞ്ഞു. എഴുത്തുകാരി സുജ വിശിഷ്ടാതിഥി ആയിരുന്നു.

ഇന്ത്യൻ കോൺസുലേറ്റ്, കേരള സാഹിത്യ അക്കാദമി എന്നിവരുമായി സഹകരിച്ചുകൊണ്ടാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻറെ സ്റ്റാൾ. പുസ്തക വില്പനയല്ല, വാക്കുകളുടെയും ആശയങ്ങളുടെയും കൊടുക്കൽ വാങ്ങലുകളുടെ കേന്ദ്രം, എഴുത്തുകാർക്കും സാംസ്കാരിക പ്രവർത്തകർക്കുമുള്ള ഇടം.

ലോകമെമ്പാടുമുള്ള എഴുത്തുകാരുടെ സമ്മേളന സ്ഥലത്തെ മീറ്റിംഗ് പോയിൻറ്, പുസ്തക പ്രകാശനം നടത്താൻ സമയം ലഭിക്കാതെ പോയ എഴുത്തുകാർക്ക് പ്രകാശനം ചെയ്യാനുള്ള വേദി എന്നിങ്ങനെ വ്യത്യസ്തമായ രീതിയിലാണ് ഷാർജ ഇന്ത്യൻ അസോസിയേഷന്റെ സ്റ്റാൾ പ്രവർത്തിക്കുന്നത്. വിവിധ സാഹിത്യ പ്രവർത്തകരുമായുള്ള സംവാദങ്ങൾ, മുഖാമുഖങ്ങൾ ,കവിത സായാഹ്നം തുടങ്ങി മുഴുവൻ ദിവസങ്ങളിലും സ്റ്റാൾ പ്രവർത്തന നിരതമാണ്. മലയാളം മിഷൻ കുട്ടികളുടെ പരിപാടികൾ, ഷാർജ ഇന്ത്യൻ സ്കൂൾ കുട്ടികളുടെ സാഹിത്യ പരിപാടികൾ തുടങ്ങിയവയും വിഭാവനം ചെയ്യപ്പെട്ടിട്ടുണ്ട്.

അക്ഷരോത്സവ നഗരിയുടെ ലക്ഷ്യങ്ങൾക്ക് അനുഗുണമായ രൂപത്തിൽ വാക്കുകളും വായനയും പുസ്തകങ്ങളും വിവിധ മേഖലകളിലേക്ക്, ആളുകളിലേക്ക് എത്തിക്കുന്നതിനുള്ള, എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഷാർജയിലെ സാംസ്കാരിക കേന്ദ്രം എന്നതാണ് പുസ്തകോത്സവ വേദിയിലെ ഇന്ത്യൻ അസോസിയേഷൻ സ്റ്റാളിന്റെ മുഖമുദ്ര.

ഇന്ത്യൻ അസോസിയേഷൻ ഷാർജ വൈസ് പ്രസി. പ്രദീപ് നെന്മാറ, ജോയിൻറ് സെക്രട്ടറി ജിബി ബേബി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ താലിബ്, മനാഫ് മാട്ടൂൽ, യൂസഫ് സഗീർ ,അനീഷ് റഹ്മാൻ, മുരളീധരൻ ഇടവന, നസീര്‍ കുനിയില്‍, പ്രഭാകരൻ പയ്യന്നൂർ, മധു, മാത്യു മണപ്പാറ, സാഹിത്യ വിഭാഗം കൺവീനർ മോഹനൻ പി, ലൈബ്രറി കമ്മിറ്റി കൺവീനർ അഫ്സൽ, മുൻ ഭാരവാഹികൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.