വീണ്ടും രാഹുൽ'ഹരിയാനയിൽ 25 ലക്ഷം വോട്ട് കവർന്നു, സർക്കാരിനെ തന്നെ തട്ടിയെടുത്തു'

വീണ്ടും രാഹുൽ
'ഹരിയാനയിൽ 25 ലക്ഷം വോട്ട് കവർന്നു, സർക്കാരിനെ തന്നെ തട്ടിയെടുത്തു'
തെളിവായി കേരള ബി.ജെ.പി നേതാവിൻറെ വീഡിയോ ദൃശ്യവും

ന്യൂഡൽഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ വൻ വോട്ടു കൊള്ള നടന്നുവെന്ന ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.  

25 ലക്ഷം വോട്ടു കൊള്ള ഹരിയാനയിൽ നടന്നെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. നടന്നത് 'ഓപ്പറേഷൻ സർക്കാർ ചോരി' ആണ്. ഒരു സർക്കാരിനെ തന്നെ തട്ടിയെടുത്തു. കോൺഗ്രസ് ജയിക്കുമെന്ന് മിക്കവാറും സർവേകൾ പ്രവചിച്ചു. പക്ഷേ, വിജയിച്ചത് എൻഡിഎ ആയിരുന്നു. സംസ്‌ഥാന തലത്തിലും ദേശ വ്യാപകമായും വോട്ട് കൊള്ള ആസൂത്രണം നടക്കുന്നു. 

കോൺഗ്രസിൻ്റെ വിജയം ഹരിയാനയിൽ അട്ടിമറിച്ച് പരാജയമാക്കി മാറ്റി. 100 ശതമാനം തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്. എല്ല സൂചനകളും സർവേകളും കോൺഗ്രസ് ജയം പ്രവചിച്ചപ്പോൾ ബിജെപി ഉറച്ച വിശ്വാസത്തിലായിരുന്നു.
കോൺഗ്രസ് തോറ്റ 8 മണ്ഡലങ്ങളിൽ ആകെ വോട്ടു വ്യത്യാസം 22,729 മാത്രമാണ്. ഒരു യുവതിയുടെ ചിത്രം വാർത്തസമ്മേളനത്തിൽ പ്രദർശിപ്പിച്ച രാഹുൽ ഇവർ 22 തവണ 10 ബൂത്തുകളിലായി പല പേരുകളിലായി ഹരിയാന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തെന്നു വ്യക്തമാക്കി. ഇതൊരു കേന്ദ്രീകൃത അട്ടിമറിയാണ് എന്നു പറയാനുള്ള പ്രധാന കാരണം ഇതാണ്. യഥാർഥത്തിൽ ഇവർ മതീയസ് ഫെറാരോ എന്ന ബ്രസീലിയൻ മോഡലാണ്. 
ചിത്രത്തിലുള്ള ബ്രസീലിയൻ മോഡലിന്റെ ഫെയ്‌സ്‌ബുക് പേജും രാഹുൽ പങ്കുവച്ചു.

25 ലക്ഷം വോട്ടുകൊള്ള ഹരിയാനയിൽ നടന്നെന്ന് രാഹുൽ ആരോപിച്ചു. 5,21,619 ഡൂപ്ലിക്കേറ്റ് വോട്ടർമാരുണ്ടായി. 93,174 വ്യാജ വിലാസങ്ങൾ ഉണ്ടായെന്നും രാഹുൽ ആരോപിച്ചു. ഇത് വീണ്ടും പരിശോധിക്കുന്നതിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞിരിക്കുകയാണ്. എന്നാൽ എല്ലാത്തിന്റേയും തെളിവുകൾ കയ്യിലുണ്ടെന്നും രാഹുൽ പറഞ്ഞു. മറ്റൊരു ഫോട്ടോയിലുള്ള സ്ത്രീക്ക് 100 സ്‌ഥലങ്ങളിലാണ് വോട്ടെന്ന് വോട്ടർപട്ടികയിലെ പേര് കാട്ടി രാഹുൽ പറഞ്ഞു. 

കൂടാതെ, വോട്ട് ചോരി ആരോപണം സാധൂകരിക്കുന്നതിന് കേരളത്തിലെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻറെ മാധ്യമ പ്രവർത്തകരോടുള്ള പ്രതികരണ ദൃശ്യവും രാഹുൽ സ്ക്രീനിൽ കാണിച്ചു. 'ഞങ്ങൾ ജയിക്കാൻ തീരുമാനിച്ച മണ്ഡലങ്ങളിൽ സ്ഥലം മാറി ഞങ്ങൾ വോട്ട് ചേർക്കുമെന്നും, വേണ്ടി വന്നാൽ ഞങ്ങൾ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ ജമ്മു കശ്മീരിൽ നിന്ന് ആളെ കൊണ്ട് വന്ന്, അവരെ ഒരു വർഷം താമസിപ്പിച്ച് വോട്ട് ചേർക്കുമെന്നും' ബി ഗോപാല കൃഷ്ണൻ പറയുന്നതാണ് ദൃശ്യത്തിലുള്ളത്.