തീർഥാടക സൗകര്യത്തിന് 300 മില്യൺ റിയാലിന്റെ വന്‍ വികസന പദ്ധതി പ്രഖ്യാപിച്ച് സൗദി
റിയാദ്: ഹജ്ജ്- ഉംറ തീർഥാടകരുടെ സൗകര്യത്തിനായി 300 മില്യൺ റിയാലിന്റെ വന്‍ വികസന പദ്ധതി പ്രഖ്യാപിച്ച് സൗദി അറേബ്യ. ജിദ്ദയിൽ നടക്കുന്ന ഹജ്ജ്-ഉംറ എക്സ്പോ വേദിയിൽ ഔഖാഫ് മന്ത്രാലയവും നുസുക് ഹുമാനിറ്റേറിയൻ ഫൗണ്ടേഷനും പ്രിൻസസ് സീത ബിൻത് അബ്ദുൾ അസീസ് എൻഡോവ്മെന്റും ചേർന്ന് ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പു വെച്ചു.
ഹജ്ജ്- ഉംറ തീർഥാടനം കൂടുതൽ എളുപ്പവും സുഖപ്രദവുമാക്കുന്ന പദ്ധതികളുടെ പോർട്ട് ഫോളിയോ മൂന്ന് കക്ഷികളും ചേർന്ന് തയ്യാറാക്കും. സേവനങ്ങളിൽ കൂടുതൽ ഏകോപനം നടപ്പാക്കുകയാണ് കരാറിൻ്റെ ലക്ഷ്യം. തീർഥാടകരുടെ ആവശ്യങ്ങൾ മുൻ നിർത്തിയാകും വികസന പദ്ധതികളുടെ രൂപകൽപന.
ഹജ്ജ്- ഉംറ തീർഥാടകർക്കുള്ള പ്രൊജക്ടുകളിലെ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയാണ് നുസുക് ഫൗണ്ടേഷന്റെ ഉത്തരവാദിത്തം. സാമൂഹിക പ്രവർത്തനങ്ങളിൽ മികവ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസനം കൈവരിക്കുന്നതിനും പ്രിൻസസ് സീത ബിൻത് അബ്ദുൽ അസീസ് എൻഡോവ്മെൻ്റ് സംഭാവന നൽകും.
