ഉജ്ജ്വലം, സമസ്ത അന്താരാഷ്ട്ര സമ്മേളനം
ദുബൈ: ഒരുമ പറഞ്ഞ് നേതാക്കൾ, ഹർശാരവത്തോടെ സ്വീകരിച്ച് പ്രവർത്തകർ. ദുബൈ സമ്മേളനം സമസ്തയിൽ മഞ്ഞുരക്കത്തിൻറെ വേദിയായി.
സമസ്ത നൂറാം വാർഷിക ആഘോഷ പ്രചരണാർത്ഥം ദുബൈയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനം ഉജ്ജ്വലമായി. വൻ ജന സഞ്ചയം നേതാക്കളെ കേൾക്കാനെത്തി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡൻറ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും ഒന്നിച്ച് വേദിയിലെത്തിയോടെ സദസ്സിൽ ഒരുമിച്ച് കൂടിയവർ എഴുനേറ്റ് നിന്ന് ആദരം പ്രകടിപ്പിച്ചു. ഐക്ക്യത്തെ സൂചിപ്പിക്കുന്ന വാക്കുകളെല്ലാം സദസ്സ് ഏറ്റെടുത്തു എന്ന് സമ്മേളനം തെളിയിച്ചു.
സാമൂഹ്യ മാധ്യമങ്ങളിലെ വിഴുപ്പലക്കലും പരസ്പര പോർ വിളിയും അവസാനിപ്പിക്കണമെന്ന കൃത്യമായ സന്ദേശവും നേതാക്കൾ നൽകി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികമെന്നാൽ അത് ഉലമ ഉമറ സൗഹൃദത്തിൻറെ നൂറാം വാർഷികമാണെന്ന് സമ്മേളനത്തിലെ അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പിന്നിട്ട വഴികൾ മറക്കാനാവില്ല. കഴിഞ്ഞ നൂറ് വർഷം ഉജ്ജ്വലമാണ്, ഇന്നലെകളിലെ മഹത്വം വരാനിരിക്കുന്ന നൂറ് വർഷത്തെ ഊർജ്ജമാക്കാൻ നമുക്ക് കഴിയണമെന്നും തങ്ങൾ ഉണർത്തി.
വിവാദങ്ങളിൽ നിന്നും വേദനിപ്പിക്കുന്ന പരാമർശങ്ങളിൽ നിന്നും അകന്ന് നിൽക്കണമെന്ന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഒരാളോടുള്ള ഇഷ്ടം പ്രകടിപ്പിക്കാൻ മറ്റൊരാളെ വേദനിപ്പിക്കുന്ന രീതി പാടില്ല എന്നും തങ്ങൾ കൂട്ടിച്ചേർത്തു. സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത, കേരളീയ മുസ്ലിം സമൂഹത്തിന്റെ സൗഭാഗ്യമാണ്. മഹാന്മാരായ പണ്ഡിതന്മാരുടെ ദീർഘ വീക്ഷണത്തിലും അനുഭവ പാരമ്പര്യത്തിലും സമൂഹത്തെ സമസ്ത മഹത്തായ നിലയിൽ നയിച്ചു. വിശുദ്ധ ഖുർആനും തിരു നബി ചര്യയും മുൻ നിർത്തി സമസ്ത പ്രകാശ ഗോപുരമായി നിലകൊള്ളുന്നു എന്നും തങ്ങൾ പറഞ്ഞു. എം.ടി അബ്ദുല്ല മുസ്ല്യാർ, ഉമ്മർ മുസ്ല്യാർകൊയ്യോട്, എ.വി അബ്ദുൽ റഹിമാൻ മുസ്ല്യാർ തുടങ്ങി മത രാഷ്ട്രിയ സമൂഹ്യ രംഗത്തെ പ്രമുഖർ സംസാരിച്ചു.
യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കാനെത്തി. പല എമിറേറ്റുകളിൽ നിന്നും പ്രവർത്തകരെ എത്തിക്കുന്നതിന് പ്രത്യേകം ബസ്സുകൾ ഏർപ്പാടാക്കിരുന്നു.
